Jun 17, 2010

പ്രവാസികള്‍ ഇനി നട്ടെല്ലോടെ

''ജന്മിത്വത്തിന്റെ അടിവേരുകളിളക്കിയത് ഇവിടത്തെ വിപ്ലവപാര്‍ട്ടികളല്ല. ഭൂപരിഷ്‌കരണമാണു മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളം മെച്ചപ്പെടാന്‍ കാരണമെന്നാണ് ഇവിടത്തെ വിപ്ലവപാര്‍ട്ടികള്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. വ്യാജമായ പ്രചാരണമാണിത്. അങ്ങനെയായിരുന്നെങ്കില്‍ ഭൂപരിഷ്‌കരണം നടന്ന മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെയുള്ള മാറ്റങ്ങളുണ്ടാകുമായിരുന്നു. തമ്പുരാക്കന്മാരുടെ മുമ്പില്‍ നടുവളച്ചു നിന്നിരുന്ന ഒരു തലമുറ നേര്‍ക്കുനേരേ നിന്നു കാര്യങ്ങള്‍ പറയുന്നവരായി മാറിയതു പ്രവാസത്തിലൂടെ നേടിയ സമ്പത്തും ആത്മവിശ്വാസവും കൊണ്ടായിരുന്നുവെന്നത് ആര്‍ക്കാണു നിഷേധിക്കാനാവുക?''

പ്രശസ്ത സംവിധായകനും സി.പി.എം. മുന്‍ എം.എല്‍.എ.യുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഈ ആശയത്തിന്റെ ആഴങ്ങളിലേക്ക് ഇപ്പോള്‍ ഞാന്‍ കടക്കുന്നില്ല. എന്നാല്‍, ജനാധിപത്യ, രാഷ്ട്രീയ അവകാശങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ പ്രവാസികള്‍ ഇപ്പോഴും നടുവളച്ചു തന്നെയാണു നില്ക്കുന്നത് എന്നതൊരു യാഥാര്‍ഥ്യമാണ്. അവര്‍ക്ക് വോട്ടവകാശമില്ല. ജനിച്ച നാട്ടിലും ജോലിചെയ്യുന്ന നാട്ടിലും ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുകയെന്ന മൗലികാവകാശം ലഭിക്കാത്തവരാണ് അവര്‍. രാഷ്ട്രീയമായ സ്വത്വനഷ്ടം ഓരോ പ്രവാസിയുടെയും നീറുന്ന വേദനയാണ്.

ലക്ഷക്കണക്കിനു പ്രവാസികളുടെ ഈ വേദനയ്ക്ക് പരിഹാരം തേടിയാണു യു.പി.എ. സര്‍ക്കാര്‍ എന്‍.ആര്‍.ഐ. വോട്ടിങ് ബില്‍ അവതരിപ്പിച്ചത്. അഞ്ചുവര്‍ഷത്തെ സുദീര്‍ഘമായ പ്രക്രിയയ്ക്കുശേഷം അത് ഇപ്പോള്‍ യാഥാര്‍ഥ്യമാകുകയാണ്. അതിനു മുന്‍കൈയെടുത്ത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നു. ഇതിനു ചുക്കാന്‍ പിടിച്ചതാകട്ടെ കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണിയും വയലാര്‍ രവിയുമാണ്. പ്രവാസികളുടെ ഇടയില്‍ ഈ ബില്‍ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. ആയിരക്കണക്കിനു പേരാണ് ഇതിനോടു പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. നേരിട്ടും ഇ-മെയിലിലൂടെയുമൊക്കെ പ്രതികരണങ്ങള്‍ പ്രവഹിക്കുന്നു. അഭിനന്ദനങ്ങളും വിമര്‍ശനങ്ങളുമുണ്ട്.

നാട്ടില്‍ വോട്ട്

പ്രവാസികള്‍ക്ക് വോട്ടുചെയ്യാന്‍ അവകാശം നല്കുന്നതാണ് ബില്ലിന്റെ കാതല്‍. തിരഞ്ഞെടുപ്പുവേളയില്‍ അവര്‍ മറ്റുള്ളവരെപ്പോലെ പോളിങ് ബൂത്തില്‍ ഉണ്ടാകണമെന്നു മാത്രം. വോട്ടര്‍പട്ടികയില്‍ അവരുടെ പേര്‍ പാസ്‌പോര്‍ട്ട് നമ്പര്‍ സഹിതം ചേര്‍ക്കും. ആ സ്ഥലത്ത് അവര്‍ക്ക് വോട്ടും ചെയ്യാം. ഒട്ടേറെ കടമ്പകള്‍ മറികടന്നാണ് ബില്‍ യാഥാര്‍ഥ്യമാകുന്നത്.

ജനപ്രാതിനിധ്യനിയമത്തില്‍ ഭേദഗതി വരുത്തിവേണം ഇതു നടപ്പാക്കാന്‍. ഇപ്പോള്‍ ഒരാള്‍ ആറുമാസത്തിലധികം സ്വന്തം താമസസ്ഥലത്തുനിന്നു മാറിനിന്നാല്‍ വോട്ടര്‍പട്ടികയില്‍നിന്നു പേരുവെട്ടും. മറ്റൊരു സ്ഥലത്ത് അയാള്‍ താമസമാക്കി അവിടത്തെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തിരിക്കും എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. പുതിയ നിയമപ്രകാരം പ്രവാസി വോട്ടര്‍മാര്‍ക്ക് ഈ വ്യവസ്ഥ ബാധകമാകില്ല. ആറുമാസത്തിലധികം സ്വന്തം നാട്ടില്‍ നിന്നു മാറി വിദേശത്തു ജോലി ചെയ്യുമ്പോഴും അവര്‍ക്ക് വോട്ടര്‍പട്ടികയില്‍ ഇടംകിട്ടും.

മറ്റൊരു രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ജനപ്രാതിനിധ്യനിയമ പ്രകാരം ഇന്ത്യയില്‍ വോട്ടവകാശമില്ല. യൂറോപ്പിലും അമേരിക്കയിലുമുള്ള പ്രവാസികളില്‍ ഭൂരിപക്ഷം പേരും അവിടത്തെ പൗരന്മാരാണ്. അവര്‍ അവിടെ സ്ഥിരതാമസമാക്കിയവരാണ്. യഥാര്‍ഥത്തില്‍ ഗള്‍ഫ് പ്രവാസികള്‍ക്കാണ് ബില്ലുകൊണ്ട് കൂടുതല്‍ പ്രയോജനം ലഭിക്കുന്നത്. അവര്‍ അവിടെ സ്ഥിരതാമസക്കാരല്ല. അവിടത്തെ പൗരത്വം ലഭിക്കുകയുമില്ല. അവര്‍ക്ക് അവിടെയും ഇവിടെയും രാഷ്ട്രീയ അവകാശങ്ങളില്ല. അതിനുള്ള പരിഹാരമാണ് ഈ ബില്‍.

പ്രവാസി വോട്ടിങ് ബില്ലിനെക്കുറിച്ചുള്ള ഒരു പ്രധാന ആക്ഷേപം പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്തിരുന്നു വോട്ടുചെയ്യാനുള്ള വ്യവസ്ഥ ഇല്ല എന്നതാണ്. തിരഞ്ഞെടുപ്പുവേളയില്‍ വോട്ടുചെയ്യാന്‍ മാത്രം നാട്ടില്‍ വരിക പ്രായോഗികമല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ജോലി ചെയ്യുന്ന രാജ്യത്തു തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടാകണമെന്നതു വളരെ സങ്കീര്‍ണമായ ആവശ്യമാണ്. അതു പ്രായോഗികമല്ല.

ഗള്‍ഫില്‍ വോട്ടുചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയാണെന്നു സങ്കല്പിക്കുക. അപ്പോള്‍ കേരളത്തിലെ രാഷ്ട്രീയജ്വരം ഗള്‍ഫുനാടുകളിലേക്കു കുടിയേറുകയും അവിടെ പ്രവാസികള്‍ ചൂടേറിയ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും. അങ്ങനെ ഒരു സ്ഥിതിവിശേഷം അഭികാമ്യമാണോ? പ്രവാസികള്‍ക്കു മുന്നില്‍ തുറന്നുകിട്ടിയ അവസരങ്ങളുടെ വാതായനങ്ങള്‍ അടയുന്ന സാഹചര്യത്തെക്കുറിച്ചു ചിന്തിക്കാന്‍പോലും ആകില്ല. ഈ അപകടം ഒഴിവാക്കാനാണ് നാട്ടില്‍ വോട്ട് എന്ന വ്യവസ്ഥ കൊണ്ടുവന്നത്.

അതതു കോണ്‍സുലേറ്റുകളില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക എന്നത് അപ്രായോഗികമാണ്. രാജ്യത്ത് 543 ലോക്‌സഭാമണ്ഡലങ്ങളും 4072 അസംബ്ലി മണ്ഡലങ്ങളുമാണുള്ളത്. അതനുസരിച്ചുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക വലിയ വെല്ലുവിളി തന്നെയായിരിക്കും.

കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാറാണ് പ്രവാസി വോട്ടവകാശം എന്ന ആശയവുമായി ആദ്യം രംഗത്തുവന്നത്. ഇതു സംബന്ധിച്ച ഒരു കരട് ബില്‍ തന്നെ തയ്യാറാക്കി 2005-ല്‍ കേന്ദ്രസര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നു. കേന്ദ്രം അതു സ്വീകരിച്ചു. തുടര്‍ന്ന് 2006-ല്‍ത്തന്നെ പ്രവാസി വോട്ടിങ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. അതു സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയും അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. നിയമമന്ത്രാലയം റിപ്പോര്‍ട്ട് വിശദമായി പഠിച്ചശേഷം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു. അതിനാണ് ഇപ്പോള്‍ കേന്ദ്രപ്രതിരോധ മന്ത്രി എ.കെ. ആന്റണി അധ്യക്ഷനായ സമിതി പച്ചക്കൊടി കാട്ടിയിരിക്കുന്നത്.

ഇനി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയാല്‍ മതി. അതോടെ ചരിത്രപരമായ ഒരു ദൗത്യം നിര്‍വഹിക്കപ്പെടും. രാഷ്ട്രീയമായ സ്വത്വത്തോടെ പ്രവാസികള്‍ക്ക് ഇനി ആരുടെയും മുന്നില്‍ തലയുയര്‍ത്തി നില്ക്കാം. പണം എത്തിക്കാനുള്ള വെറുമൊരു യന്ത്രം എന്ന നിലയില്‍നിന്ന് ഈ രാജ്യത്തിന്റെ ഭാഗധേയത്തില്‍ പങ്കുവഹിക്കുന്ന സുപ്രധാന കണ്ണിയെന്ന അന്തസ്സുറ്റ അവസ്ഥയിലേക്ക് അവര്‍ ഉയര്‍ത്തപ്പെടും.

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.ഡി.എസ്.) നടത്തിയ പഠന പ്രകാരം 2008-ല്‍ വിദേശത്തുള്ള 21.93 ലക്ഷം മലയാളികള്‍ കേരളത്തിലേക്ക് അയച്ചത് 43,288 കോടി രൂപയാണ്. ഇതു കേരളത്തിന്റെ ദേശീയ വരുമാനത്തിന്റെ 30.7 ശതമാനംവരും. എത്ര സുപ്രധാന പങ്കാണ് അവര്‍ രാഷ്ട്രനിര്‍മാണത്തില്‍ വഹിക്കുന്നതെന്നു വ്യക്തം. അതിന്റെ വ്യാപനം കൂടിയാണ് പ്രവാസി വോട്ടവകാശ ബില്‍. പ്രവാസികളുടെ ആവശ്യങ്ങളോടും അവകാശങ്ങളോടും ഭരണകൂടങ്ങള്‍ ഇനി കൂടുതല്‍ ക്രിയാത്മകമായി പ്രതികരിക്കേണ്ടി വരും.


രണ്ടു വിവേചനങ്ങള്‍

ഇതിനിടെ രണ്ടു വിവേചനങ്ങള്‍കൂടി പ്രവാസികള്‍ നേരിടുന്നുണ്ട്. രാജ്യവ്യാപകമായി ഇപ്പോള്‍ ജനസംഖ്യാ കണക്കെടുപ്പ് നടക്കുകയാണ്. ഇന്ത്യയില്‍ താമസിക്കുന്നവരുടെ കണക്കാണ് ഇപ്പോള്‍ എടുത്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രവാസികളെ ഉള്‍പ്പെടുത്തുന്നില്ല. യഥാര്‍ഥത്തില്‍ അവരെക്കൂടി ഉള്‍പ്പെടുത്തേണ്ടതാണ്. ഈ ആവശ്യം കേന്ദ്രസര്‍ക്കാറിന്റെ മുമ്പില്‍ ഉന്നയിച്ചിട്ടുണ്ട്. അതു നടപ്പാക്കേണ്ടതാണ്.

മറ്റൊന്ന്, ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് (ഡൃഹൂുവ കലവൃറഹറള്‍ *മില) സംബന്ധിച്ചാണ്. രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും 2011-ല്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്കാനുള്ള വന്‍ പദ്ധതിയാണിത്. ഇന്‍ഫോസിസിന്റെ ശക്തിസ്രോതസ്സായിരുന്ന നന്ദന്‍ നിലേക്കനി അധ്യക്ഷനായുള്ള സമിതിയാണ് ഇതിനു നേതൃത്വം നല്കുന്നത്. ഇന്ത്യന്‍ ഐ.ടി. അത്ഭുതമായ ഇന്‍ഫോസിസ് പോലൊരു അത്ഭുതമായിരിക്കും അടുത്ത വര്‍ഷം സംഭവിക്കുക. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുക എന്നത് അതി ശ്രമകരമായ പദ്ധതിയാണ്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സമിതി പ്രവര്‍ത്തിക്കുന്നത്. യു.പി.എ. സര്‍ക്കാറിന്റെ പ്രസ്റ്റീജ് പദ്ധതികളിലൊന്നാണിത്.

പ്രവാസികള്‍ക്ക് ഈ തിരിച്ചറിയല്‍ കാര്‍ഡ് നല്കാനുള്ള വ്യവസ്ഥ ഇപ്പോഴില്ല. അവര്‍ മറുനാട്ടിലായതിനാല്‍ നലേ്കണ്ട എന്നാണ് ഇപ്പോഴത്തെ തീരുമാനം. അതൊരു തെറ്റായ തീരുമാനമാണ്. റേഷന്‍ കാര്‍ഡിനേക്കാള്‍ സുപ്രധാനമായ ഒരു രേഖയായിരിക്കും ഈ വിവിധോദ്ദേശ്യ തിരിച്ചറിയല്‍ കാര്‍ഡ്. നമ്മുടെ ജീവിതരേഖ തന്നെ അതില്‍ കോറിയിട്ടിട്ടുണ്ട്. റേഷന്‍ കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, വോട്ടര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയ്ക്കു പകരം ഈ ഒരൊറ്റ കാര്‍ഡ് മതി. വൈദ്യുതി ബില്‍, വെള്ളക്കരം, ക്രയവിക്രയം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. ആദായനികുതി അടയ്ക്കാനും ഈ കാര്‍ഡ് മതി. സര്‍ക്കാറിന്റെ വിവിധ ആനുകൂല്യങ്ങളും സബ്‌സിഡികളും നേടിയെടുക്കാനും ഇതു മതിയാകും. ഇത്രയും സുപ്രധാനമായ ഒരു കാര്‍ഡാണ് പ്രവാസികള്‍ക്കു നിഷേധിക്കുന്നത്.

കൈയിലൊരു സര്‍ട്ടിഫിക്കറ്റും നെഞ്ചിലൊരു കുടന്ന ആത്മവിശ്വാസവുമായി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് എടുത്തു ചാടിയവരാണു പ്രവാസികള്‍. അവര്‍ ഭൂരിപക്ഷവും വിജയം വരിച്ചു. എങ്കിലും രാഷ്ടീയപരവും ജനാധിപത്യപരവുമായ അവകാശങ്ങളില്‍ പ്രവാസികളുടേത് ഇപ്പോഴും ആടുജീവിതം തന്നെയാണ്. അതില്‍നിന്നൊരു മോചനം കാത്തുകഴിയുന്നവരാണവര്‍. അവരോടൊപ്പം നില്ക്കാന്‍ നമുക്കു ബാധ്യതയുണ്ട്. അതിലൊരു പടിയായി പ്രവാസി വോട്ടിങ് ബില്ലിനെ കാണാം. ജനസംഖ്യാ കണക്കെടുപ്പിലും ദേശീയ തിരിച്ചറിയില്‍ കാര്‍ഡ് വിതരണത്തിലും അവരെ പരിഗണിക്കുക കൂടി ചെയ്താല്‍ പ്രവാസികളോടുള്ള നമ്മുടെ കരുതലിന്റെ മറ്റൊരു അടയാളമായി.

ഉമ്മന്‍ചാണ്ടി

Mathrubhumi: 17 Jun 2010

No comments:

Related Posts with Thumbnails