Jun 13, 2010

ഇന്ത്യ എഴുതിത്തള്ളുന്ന 'ആടുജീവിത'ങ്ങള്‍!

ഇന്ത്യ എഴുതിത്തള്ളുന്ന 'ആടുജീവിത'ങ്ങള്‍!
Sunday, June 13, 2010 I Madhyamam
ദല്‍ഹി ഡയറി / എം.സി.എ. നാസര്‍

തല്ലും തലോടലും ഭരിക്കുന്നവരുടെ പ്രകൃതം. രണ്ടും അവര്‍ക്ക് ഒരേ വികാരമാകും നല്‍കുക. അതിന്റെ പേരില്‍ പിടയുന്ന മനുഷ്യരോ സമൂഹമോ അവര്‍ക്ക് പ്രശ്‌നമാകാറില്ല. അല്ലെങ്കില്‍ നോക്കൂ, പ്രവാസി വോട്ടവകാശം എന്ന നെടുനാളത്തെ ആവശ്യത്തിലേക്കുള്ള ശക്തമായ തീരുമാനം കൈക്കൊണ്ട ഉടന്‍ അതാ വരുന്നു കൂലിത്തല്ലിന്റെ സ്വഭാവത്തില്‍ മറ്റൊരു കനത്ത പ്രഹരം. നാടും വീടും കുലുക്കി ഇപ്പോള്‍ നടക്കുന്ന ദേശീയ ജനസംഖ്യാകണക്കെടുപ്പില്‍ പ്രവാസിയെ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന്.
ഒരു ചോദ്യം ന്യായം. അറുക്കുംമുമ്പ് ഉരുക്കള്‍ക്ക് വെള്ളം കൊടുക്കാറുണ്ട്. ഇപ്പണിയായിരുന്നോ പ്രവാസി വോട്ടവകാശത്തെ കുറിച്ച വയലാര്‍രവിയുടെ പ്രഖ്യാപനം? ജനസംഖ്യാ രജിസ്റ്ററില്‍ പോലും ഇടം പിടിക്കാത്തവന്‍ പിന്നെയെങ്ങനെ വോട്ടര്‍പട്ടികയില്‍ കയറും? തൊഴിലും മറ്റും തേടി പുറപ്പെട്ടു പോയ മനുഷ്യരുടെ കാര്യത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന വിവേചനമാണിത്. അതിന് അറുതിയില്ലെന്ന് വീണ്ടും വ്യക്തം.

സ്വാതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ടു വേണ്ടി വന്നു ഒരു രാജ്യത്തിന് അതിന്റെ പരദേശിസമൂഹത്തിന്റെ ജനായത്ത പങ്കാളിത്തം ആലോചിക്കാന്‍. സാങ്കേതികതകളില്‍ തൂങ്ങിയാണ് ഇത്രയും കാലം അവര്‍ക്ക് ഈ അവകാശം നിഷേധിച്ചത്. 1950ലെ ജനപ്രാതിനിധ്യനിയമം ഇരുപതാംവകുപ്പില്‍ പരാമര്‍ശിച്ച 'പതിവു താമസക്കാരന്‍' എന്ന സംജ്ഞക്കു പറ്റിയ ഒരു സ്ഖലിതത്തിന്റെ പിഴയൊടുക്കുകയായിരുന്നു പരദേശി സമൂഹം. അതുപ്രകാരം രാജ്യത്തു നിന്ന് ആറു മാസം അകന്നു നിന്നാല്‍ വോട്ടര്‍പട്ടികക്കു പുറത്തായി. വോട്ടവകാശം മാത്രമല്ല, മല്‍സരിക്കാനുള്ള അവകാശവും നിഷിദ്ധം. നിയമങ്ങളിലെ സ്ഖലിതങ്ങള്‍ തിരിച്ചറിയാനും തിരുത്താനും എന്തൊക്കെ മാര്‍ഗങ്ങളുണ്ട്? നിയമത്തില്‍ മാത്രമല്ല, ഭരണഘടനയില്‍ തന്നെ ഭേദഗതിക്ക് എത്ര തവണ നാം ശ്രമിച്ചിരിക്കുന്നു. അപ്പോള്‍ പ്രശ്‌നം അതൊന്നുമല്ല. ഒരു വിഭാഗത്തോടുള്ള വിവേചനംതന്നെ. പ്രവാസി വോട്ടവകാശം എന്നു കേള്‍ക്കുമ്പോഴേക്ക് അധികാര കേന്ദ്രം മാത്രമല്ല, ഇലക്ഷന്‍കമീഷനും കോടതികളും മറിച്ചേ ചിന്തിക്കൂ. അതാണ് ഇതുവരെയുള്ള അനുഭവം.

അതിനിടയിലും ഇന്ത്യയിലെത്തുന്ന വന്‍ വിദേശനാണ്യത്തിന്റെ മഹിമ പറഞ്ഞ് നമ്മുടെ സംവിധാനങ്ങള്‍ പരദേശികളെ പ്രകീര്‍ത്തിക്കും. അവരിലെ വരേണ്യപ്രതിനിധികളെ എല്ലാ കൊല്ലവും വിളിച്ചുവരുത്തി പട്ടും വളയും നല്‍കി ആദരിക്കും. അവരിലെ അതിസമ്പന്നര്‍ക്ക് ഉദാരമായി ഇരട്ട പൗരത്വം നല്‍കും. നിക്ഷേപസാധ്യതകളുടെ ആയിരം വായ്ത്താരികള്‍ അപ്പോള്‍ ഉയരും. ഇന്ത്യയും പുറംലോകവുമായുള്ള ചരിത്രബന്ധത്തിന്റെ പൗരാണികതയെ കുറിച്ച് നേതാക്കള്‍ വാചാലരാകും.
എന്തായാലും ഇപ്പോള്‍ ചില നല്ല മാറ്റങ്ങളുണ്ട്. 2006ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ജനപ്രാതിനിധ്യ ഭേദഗതിബില്ലിനോട് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അനുഭാവം തോന്നി. എ.കെ ആന്റണി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയും കരുണകാട്ടി. ഇനി ബില്‍ പാര്‍ലമെന്റ് പസാക്കുകയേ വേണ്ടൂ. അതോടെ നാട്ടിലുണ്ടെങ്കില്‍ പ്രവാസിക്ക് വോട്ടു ചെയ്യാം, മല്‍സരിക്കാം.
മുമ്പ് പി.വി അബ്ദുല്‍വഹാബിന്റെ രാജ്യസഭാസ്ഥാനാര്‍ഥിത്വം സൃഷ്ടിച്ച പുകില്‍ നാം കണ്ടതാണ്. അന്ന് പ്രതിപക്ഷ നേതാവ് വി.എസ് ആയിരുന്നു എതിര്‍പ്പുമായി മുന്നില്‍. വഹാബ് എന്ന വ്യക്തിക്കപ്പുറം ലക്ഷക്കണക്കിനു വരുന്ന പരദേശികളുടെ നിഷേധിക്കപ്പെടുന്ന രാഷ്ട്രീയാവകാശത്തെ എല്ലാവരെയും പോലെ വി.എസും മറക്കുകയായിരുന്നു.

അതിന് പ്രായശ്ചിത്തമെന്നോണമായിരിക്കണം വി.എസ് സര്‍ക്കാര്‍ ഇപ്പോള്‍ നല്ലൊരു ചുവടുവെപ്പ് നടത്തിയത്. ഇരുപത്തഞ്ച് ലക്ഷത്തിലേറെ വരുന്ന മലയാളി പ്രവാസി സമൂഹത്തെ ജനസംഖ്യാ കണക്കെടുപ്പ് രജിസ്റ്ററില്‍ ചേര്‍ക്കാന്‍ കേന്ദ്രാനുമതി തേടി. എന്നാല്‍ മറ്റൊരു മലയാളിയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയുമായ ജി.കെ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഈ അഭ്യര്‍ഥന അപ്പാടെ തള്ളി. അങ്ങനെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പട്ടികയില്‍ നിന്ന് കാല്‍കോടി മനുഷ്യര്‍ ഒറ്റയടിക്ക് പുറത്ത്! പൗരത്വം തെളിയിക്കാന്‍ പോലും പാടുപെടേണ്ട ഈ യുഗത്തില്‍ ജനസംഖ്യാ രജിസ്റ്ററിന്റെ പടിക്കു പുറത്താക്കപ്പെട്ട ഈ മനുഷ്യര്‍ക്ക് ഇനിയെങ്ങനെ ജനായത്തപ്രക്രിയയില്‍ ഭാഗഭാക്കാകാന്‍ കഴിയും?

സങ്കടം അതല്ല. ബംഗ്ലാദേശ് മുതല്‍ പാകിസ്താനില്‍ നിന്നുവരെ ഇന്ത്യയില്‍ അനധികൃതമായി കുടിയേറിയവരെ കണക്കെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തരുതെന്നാണ് നമ്മുടെ 'ആഭ്യന്തര'മാര്‍വാഡികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. പുറത്തു പോയി പണിയെടുക്കുന്നു എന്ന ഏകകാരണത്താല്‍ കാല്‍കോടി മലയാളികളുടെ അസ്തിത്വം തന്നെയാണ് ഇവിടെ ഒറ്റയടിക്ക് നിരാകരിക്കപ്പെട്ടിരിക്കുന്നത്.
ഏറ്റവും വലിയ ജനാധിപത്യസമൂഹമായാണ് നാം നമ്മെ വിശേഷിപ്പിക്കാറ്. പക്ഷേ, ലോകത്തെ അമ്പതോളം ജനാധിപത്യരാജ്യങ്ങള്‍ വിദേശങ്ങളിലെ സ്വന്തം പൗരന്‍മാര്‍ക്ക് വോട്ടവകാശം അനുവദിക്കാന്‍ സാങ്കേതികവാറോലകളിലെ സ്ഖലിതങ്ങളൊന്നും മറയാക്കിയിട്ടില്ല. ഫിലിപ്പീന്‍സും ഇറാഖും ഇറാനും ഇന്തോനേഷ്യയും ആ പട്ടികയിലുണ്ട്. ഒരു കുഴപ്പവും കൂടാതെ അവര്‍ പ്രവാസലോകത്തിരുന്നു തന്നെ സ്വന്തം ചൂണ്ടുവിരലുകളില്‍ മഷിപ്പാട് വീഴ്ത്തുന്നു. ഗള്‍ഫിലെയും മറ്റും നയതന്ത്രകേന്ദ്രങ്ങളിലോ മൈതാനങ്ങളിലോ പുറത്ത് ബൂത്തുകള്‍ കെട്ടിയോ ഒരു 'ക്രമസമാധാന'പ്രശ്‌നവും കൂടാതെ അവര്‍ അഭിമാനത്തോടെ വോട്ട് രേഖപ്പെടുത്തുന്നു. ഗള്‍ഫ്ഭരണാധികാരികള്‍ അതിന് സഹായമൊരുക്കുന്നു.

ഏതാനും ആയിരങ്ങളുടെ വോട്ടുകള്‍ ഇലക്ഷന്‍ ജയപരാജയത്തെ നിര്‍ണയിച്ചു കൊള്ളണം എന്നൊന്നുമില്ല. പക്ഷേ, ഒരു രാജ്യം തങ്ങളുടേത് കൂടിയാണെന്ന ബോധം അപ്പോള്‍ അവരില്‍ നിറയും. മണ്ഡലങ്ങള്‍ തിരിച്ച് പുറം ലോകത്ത് വോട്ടെടുപ്പ് നടത്തുക സംഭവ്യമല്ലെന്ന് ഇലക്ഷന്‍ കമീഷണന്‍ നവീന്‍ ചൗള പറയുന്നതു സമ്മതിക്കാം. എന്നാല്‍ ആഗോള കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഇത്രയും കരുത്താര്‍ജിച്ച ഘട്ടത്തില്‍, ത്രി-ജി സ്‌പെക്ട്രം ഇടപാടുകളിലുടെ വന്‍തുക രാജ്യം സമാഹരിക്കുന്ന സന്ദര്‍ഭത്തില്‍ ആധുനികസംവിധാനങ്ങള്‍ ഉപയോഗിച്ച് പുറപ്പെട്ടുപോയ മനുഷ്യരുടെ കൂടി അഭിപ്രായം തേടുന്നത് തീര്‍ത്തും അസാധ്യമാണെന്ന് പറയാനാവുമോ? തപാല്‍ വോട്ടുകള്‍ക്ക് അനുമതി നല്‍കിയിരിക്കെ, ഇന്റര്‍നെറ്റ് വോട്ടിങ് സാധ്യത പാടില്ലെന്ന ദുര്‍വാശിയെന്തിന്?

വോട്ടെടുപ്പില്‍ പരിമിതാര്‍ഥത്തില്‍ ഭാഗഭാക്കാകുന്നതിലൂടെ പരദേശികള്‍ക്ക് വലുതായൊന്നും ലഭിക്കണമെന്നില്ല. പക്ഷേ, അവരുടെ പ്രശ്‌നങ്ങളുടെ അടിത്തറ രാഷ്ട്രീയ തിരസ്‌കാരവുമായി ബന്ധപ്പെട്ടതു തന്നെയാണ്. സര്‍ക്കാര്‍വക രാഷ്ട്രീയതീരുമാനങ്ങളില്‍ ഒരിക്കല്‍പോലും അവന്റെ ശബ്ദം കടന്നുവരുന്നില്ല. പാര്‍ലമെന്റ്‌സമ്മേളനങ്ങളില്‍ അവന്റെ പ്രശ്‌നങ്ങള്‍ എവിടെയും അലയടിക്കുന്നില്ല. ആസൂത്രണ നയരേഖകളില്‍ അവന്റെ ദുരിതം ഇടം പിടിക്കുന്നില്ല. ദേശീയമാധ്യമങ്ങള്‍ അവന്റെ സങ്കടങ്ങള്‍ക്ക് ഒരിക്കല്‍ പോലും ഇടം കൊടുക്കുന്നില്ല. ഇനിയെങ്കിലും ഇതിനൊക്കെ ഒരു തിരുത്ത് വേണ്ടതല്ലേ? ആ നിലക്കാണ് വോട്ടവകാശത്തിനുവേണ്ടി പരദേശത്തെ മനുഷ്യര്‍ പതിറ്റാണ്ടുകളായി മുറവിളി കൂട്ടുന്നത്. പക്ഷേ, നജീബ് താണ്ടുകയും ബഹ്‌റൈനിലെ പ്രിയസുഹൃത്ത് ബെന്യാമിന്‍ അടയാളപ്പെടുത്തുകയും ചെയ്ത ഈ ആടുജീവിതങ്ങളുടെ ഗദ്ഗദങ്ങള്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഇരിക്കുന്നവര്‍ എന്ന്, എങ്ങനെ അറിയാന്‍?

പുറപ്പെട്ടു പോയ മനുഷ്യരെ കുറിച്ച കൃത്യമായ കണക്കു പോലും നമ്മുടെ പക്കല്‍ ഇല്ല. എണ്ണമറ്റ പരദേശി സംഘടനകളും കൂട്ടായ്മകളും എല്ലാ സഹായങ്ങളും നല്‍കുമെന്നിരിക്കെ, കൃത്യമായ ഒരു കണക്കെങ്കിലും ഉറപ്പാക്കാന്‍ കഴിയുന്നത് രാജ്യത്തിനു തന്നെയും നല്ലതല്ലേ? ഒന്നു മനസ്സുവെച്ചാല്‍ അത് നടക്കും. അപ്പോഴറിയാം, എന്‍.ആര്‍.ഐ പ്രമുഖരുടെ വേഷമിട്ടവരല്ല, തുച്ഛവരുമാനത്തില്‍ ദാരിദ്ര്യരേഖക്കും താഴെ ജീവിതം നയിക്കുന്നവരാണ് അവരില്‍ ഏറിയ കൂറുമെന്ന്. പുറം ലോകത്തേക്ക് പുറപ്പെട്ട് കാണാതായ മനുഷ്യര്‍ നിരവധി. വര്‍ഷങ്ങളായി നാട്ടില്‍ വരാന്‍പോലും കഴിയാതെ ഗള്‍ഫ് നഗരങ്ങളില്‍ അലയാന്‍ വിധിക്കപ്പെട്ട ഇന്ത്യക്കാര്‍ അതിലേറെ. ചെയ്തതും ചെയ്യാത്തതുമായ കുറ്റത്തിന്റെ പേരില്‍ ഗള്‍ഫ് ജയിലുകളില്‍ കഴിച്ചു കൂട്ടുന്ന ഇന്ത്യക്കാരുടെ എണ്ണം ആയിരങ്ങളിലാണ്.
ഇവര്‍ക്കു വേണ്ടി ഒരു ജനാധിപത്യസമൂഹത്തിന് ഒന്നും ചെയ്യാനില്ലെന്നു വരുമോ?

No comments:

Related Posts with Thumbnails