Jun 29, 2010

ആറുവയസ്സുകാരി മലയാളി പെണ്‍കുട്ടി ഭീകരവാദ പട്ടികയില്‍

ആറുവയസ്സുകാരി മലയാളി പെണ്‍കുട്ടി അമേരിക്കയുടെ നിരീക്ഷണപ്പട്ടികയില്‍!

ഒഹായോ: തീവ്രവാദിബന്ധം ആരോപിച്ച് ആറു വയസ്സുകാരി മലയാളി പെണ്‍കുട്ടിയെ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നിരീക്ഷണ പട്ടികയില്‍പെടുത്തി വിമാനയാത്ര തടഞ്ഞു. ഒഹായോ വെസ്റ്റ്‌ലേക്ക് ഫാമിലി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സന്തോഷ് തോമസിന്റെ മകള്‍ അലീസ തോമസ് ആണ് അമേരിക്കയുടെ ഭീകരവാദ സംശയമുള്ളവരുടെ പട്ടികയില്‍ ഇടംതേടിയത്. തന്റെ മകള്‍ എങ്ങനെ സര്‍ക്കാറിന്റെ നോട്ടപ്പുള്ളി ആയെന്നതിനെക്കുറിച്ച് ഒരറിവുമില്ലെന്ന് സന്തോഷ് തോമസ് 'മാധ്യമ'ത്തോട് പറഞ്ഞു.

അമേരിക്കന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സംഭവം വന്‍ വിവാദമുയര്‍ത്തിയിരിക്കുകയാണ്. ക്ലീവ്‌ലാന്‍ഡില്‍നിന്ന് മിന്നപൊലിസിലേക്കുള്ള വിമാനയാത്രക്ക് എത്തിയപ്പോഴാണ് അലീസയുടെ യാത്ര അധികൃതര്‍ തടഞ്ഞത്. മകളുടെ പേര് വിമാനയാത്രക്ക് നിരോധമുള്ളവരുടെ പട്ടികയില്‍ ഉള്ളതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്ന് വിമാനത്താവള അധികൃതര്‍ സന്തോഷ് തോമസിന്റെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ആഭ്യന്തര സുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ അലീസയുടെ പേര് പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്ന രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചു. എന്നാല്‍ ആറുവയസ്സുകാരി എങ്ങനെ ഭീകരവാദിയായി എന്ന് വിശദീകരിക്കാന്‍ അധികൃതര്‍ തയാറായില്ല.

രണ്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ പലതവണ വിമാനയാത്ര നടത്തിയിട്ടുള്ള അലീസ താന്‍ സര്‍ക്കാറിന്റെ നോട്ടപ്പുള്ളി ആയതൊന്നുമറിയാതെ വീട്ടില്‍ ചേച്ചിയോട് കുസൃതികാട്ടി കഴിയുകയാണ്


Madhyamam June 29, 2010

ഒരു വിസിറ്റ് വിസയുടെ കഥ

ഫസീല റഫീഖ്‌

പതിനാല് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയില്‍ പലതവണ ആഗ്രഹിച്ചതാണ് ഭാര്യയേയും മകളെയും ഒരു വിസിറ്റ് വിസയിലെങ്കിലും ഇവിടെയൊന്നെത്തിക്കാന്‍... എല്ലാ സ്‌കൂള്‍ അവധിക്കും ശ്രമിക്കുമെങ്കിലും കഴിയാറില്ല.ഒരു വിമാന കമ്പനിയുടെ പരസ്യം കേട്ടാണ് മുന്നിട്ടിറങ്ങിയത്. ടിക്കറ്റും വിസയും വിമാന കമ്പനി തന്നെ ഏര്‍പ്പാടാക്കും. നൂലാമാലകളില്ല. കാശ് കൊടുത്താല്‍ വിസയും ടിക്കറ്റും റെഡി. സഹമുറിയന്‍ പറഞ്ഞു: ''നീ കൊണ്ടുവാടെ ഫാമിലിയെ... നിനക്ക് മകള്‍ ഒന്നല്ലേ ഉള്ളൂ...'' അവന്‍ പറഞ്ഞു. ''എനിക്ക് മക്കള്‍ മൂന്നാണ്.. ടിക്കറ്റും വിസയും റൂമും... എനിക്ക് താങ്ങാന്‍ കഴിയില്ലടേ... അത് കൊണ്ടാ ഞാന്‍ ശ്രമിക്കാത്തത്...'' ഒരു കുഞ്ഞ് ഉള്ളപ്പോഴും മറ്റെന്തോ കാരണമാണ് പറഞ്ഞത്. സത്യത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്തതാണ് കാരണം.

''എന്ത് ചിലവ് വന്നാലും കുടുംബത്തെ കൊണ്ടുവന്ന് കാണിക്കണം. അവരുമറിയട്ടെ... ഇവിടുത്തെ ചൂടും... തണുപ്പും... അധ്വാനവും ഒക്കെ'' രവിയാണ് പറഞ്ഞത്. ''എന്നിട്ടെന്തേ രവീ നീ കൊണ്ടുവരാത്തത്...'' അബ്ദുള്ളക്കയാണ് ചോദിച്ചത്. രവി ഒന്ന് ചമ്മി. എങ്ങനെ കൊണ്ടുവരാനാ. പെങ്ങടെ കല്ല്യാണം, പെര പണിയല്‍, അച്ഛന്റെ ചികിത്സ, അനുജന്റെ വിദ്യാഭ്യാസം... മതിയേ ഞാനിവിടെയും അവളവിടെയും നിക്കട്ടെ.... രവി ദേഷ്യത്തോടെ അകത്തേക്ക് പോയി.

ഒരിക്കലെങ്കിലും കുടുംബത്തെ കൊണ്ടുവരാന്‍ ആഗ്രഹിക്കാത്ത പ്രവാസി ഉണ്ടാവില്ല. ദുബായ് ഫെസ്റ്റിവല്‍ തുടങ്ങിയാല്‍ ടി.വി.യില്‍ കാണുന്ന കാഴ്ചകള്‍ കുട്ടികള്‍ക്ക് ഹരമാണ്. ഈ മായകാഴ്ചകളല്ല യഥാര്‍ത്ഥ ഗള്‍ഫ് എന്ന് മനസ്സിലാക്കാന്‍ ഇവിടെ വരണം.
വിമാനകമ്പനിയുടെ മധുരമായ പരസ്യം കേട്ടാണ് ചെന്നത്. പാസ്‌പോര്‍ട്ട് കോപ്പിയും, ഫോട്ടോയും കെട്ടിവെക്കല്‍ തുകയും നല്‍കി തിരികെ വന്നു. ഒരാഴ്ച കൊണ്ട് വിസ കിട്ടും. അപ്പോള്‍ ടിക്കറ്റെടുക്കണം. നല്ല വിമാന കമ്പനിയാണ്, ചാര്‍ജ് കൂടും. ചാര്‍ജ് കൂടിയാലും വേണ്ടില്ല, നമ്മുടെ 'എക്‌സ്​പ്രസില്‍' വരുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്.

ഒരു മാസത്തേക്കാണ് വിസ. അതുമതി. ഒരു മാസം കൊണ്ട് ഇവിടെയൊക്കെ ഒന്നു കണ്ട് പോയ്‌ക്കോട്ടെ.
അടുത്ത കടമ്പ റൂമാണ്. പലരോടും റൂമിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. 'നോക്കാം' എന്ന് എല്ലാവരും സമ്മതിച്ചിട്ടുമുണ്ട്. ഈ ഗള്‍ഫില്‍ ഏത് കാര്യം പറഞ്ഞാലും 'നോക്കാം' എന്നേ പറയൂ.

ബസ് സ്റ്റോപ്പിന് മുകളിലും ടെലഫോണ്‍ ബൂത്തിന് പിറകിലും.... റൂം കൊടുക്കാനുണ്ട് എന്നെഴുതിയ നമ്പറില്‍ വിളിച്ചു. ബംഗാളിയും പാകിസ്താനിയും ഫിലിപ്പൈനിയും... ആണ് ഫോണെടുത്തത്. ഒന്നും നടന്നില്ല. ദിവസം രണ്ട് മൂന്ന് കഴിഞ്ഞു. പറഞ്ഞ പ്രകാരം വിസ കിട്ടാറായി. കൃത്യമായി വന്നാലേ മകളുടെ സ്‌കൂള്‍ തുറക്കുമ്പോഴേക്കും അങ്ങെത്താന്‍ കഴിയൂ..

ഒരു 'സെമിബ്രോക്കറായ' അഹമ്മദിനെ കണ്ടത് കഫ്റ്റീരിയയില്‍ വെച്ചാണ്. അഹമ്മദിനോട് കാര്യം പറഞ്ഞു. ''റൂമുണ്ട്്... കുട്ടികളുണ്ടോ?'' ചോദ്യം. ഞാന്‍ പറഞ്ഞു. ''ഉണ്ട് ഒരാള്‍ പത്ത് വയസ്സ്'' അഹമ്മദ് പറഞ്ഞു. ''അതാണ് പ്രശ്‌നം. കുട്ടികളുണ്ടെങ്കില്‍ നടക്കില്ല. ഷെയിറിങ്ങില്‍ കുട്ടികള്‍ പാടില്ല...'' ഞാന്‍ കാര്യം പറഞ്ഞു. ''അഹമ്മദേ, ഭാര്യയെ ഒഴിവാക്കിയാലും കുട്ടിയെ ഒഴിവാക്കാന്‍ ആവില്ല... അവള്‍ക്ക് വേണ്ടിയാ ഇത്ര കഷ്ടപ്പെട്ട് ഞാന്‍ വിസയെടുത്തത്'' ഞാന്‍ പരവശനായി. ''നിങ്ങള്‍ ബേജാറാവാതിരി. ഒരു വില്ലയുണ്ട്. കുറച്ച് ദൂരെയാ.. ആരുടെ ശല്യവുമില്ല. 3,500 ദിര്‍ഹം വാടക'' ഞാന്‍ പകച്ചുപോയെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റുമെങ്കിലും സമ്മതിച്ചു. ''അഹമ്മദേ അത് പോയി നോക്കാം'' ഞാന്‍ തിടുക്കപ്പെട്ടു. അഹമ്മദ് താടിതടവികൊണ്ട് പറഞ്ഞു. ''ഒരു ചെറിയ പ്രശ്‌നമുണ്ട്. അവിടെയുള്ള ബംഗാളിക്ക് 2000 ദിര്‍ഹം കീ മണി കൊടുക്കണം, എനിക്ക് ഒന്നും വേണ്ട... എന്തേയ്''. എന്റെ ഉത്തരത്തിനായ് അഹമ്മദ് കാത്തിരുന്നു. കഫ്റ്റീരിയയിലെ മേശപ്പുറത്തെ ജഗ്ഗില്‍ നിന്ന് ഞാന്‍ വെള്ളം നേരെ വായിലേക്കൊഴിച്ചു. വിമ്മിഷ്ടം മാറി എന്നായപ്പോള്‍ ഞാന്‍ പറഞ്ഞു. ''അത് ശരിയാവില്ല അഹമ്മദേ... ഒരു മാസത്തേക്ക് 5,500 ദിര്‍ഹം.. നാട്ടിലെ ഏഴുപതിനായിരം ഉറുപ്പിക'' അറിയാതെ പറഞ്ഞ് പോയി. നാട്ടിലെ കാശിന്റെ കണക്ക്. ഈ വിസയെടുക്കാന്‍ തുടങ്ങിയതുമുതലാണ് ദിര്‍ഹം നാട്ടിലെ പൈസയുമായി ഒത്തുനോക്കല്‍. ഛെ നാണക്കേടായി. അഹമ്മദ് പുറത്തേക്കിറങ്ങുമ്പോള്‍ പറഞ്ഞു. ''നാട്ടിലെ കായി നോക്കിയാല്‍ നിങ്ങള്‍ ഇവിടുന്ന് കുടിയാവെള്ളം കുടിക്കൂല'' അഹമ്മദ് വെയിലിലേക്ക് ഇറങ്ങി.

ഭാര്യയുടെ വിളി വന്നപ്പോഴാണ് പരിസര ബോധമുണ്ടായത്. ''നിങ്ങളെന്താ വിളിക്കാത്തത്... എന്തൊക്കെ കൊണ്ടുവരണം... ചെമ്പ് പാത്രങ്ങള്‍ ഇവിടുന്ന് വാങ്ങണോ, അവിടെ കിട്ടുമോ... എനിക്ക് നല്ല ചുരിദാറില്ല... ഞാന്‍ രണ്ടെണ്ണം അടിക്കാന്‍ കൊടുത്തിട്ടുണ്ട്. മോള്‍ക്ക് മൂന്ന് ജോഡി വാങ്ങിച്ചു. റൂമില്‍ നല്ല സൗകര്യമുണ്ടോ...ചേട്ടാ ടി.വിയില്‍ ചാനല്‍ വേണേ... പാരിജാതം ഞാന്‍ മുടങ്ങാതെ കാണുന്നതാ.. ടിക്കറ്റ് ഒക്കെയായാല്‍ വിളിക്കണേ... വെക്കട്ടെ... യാത്ര ചോദിക്കാന്‍ കുടുംബവീട്ടിലൊക്കെ പോകും. ഒക്കെ'' അവള്‍ ഫോണ്‍ വെച്ചു.

റൂമിലേക്ക് നടക്കുന്നതിനിടയിലാണ് രവിയുടെ ഫോണ്‍ വന്നത്. ''റൂം ശരിയായോ?'' രവിയുടെ ചോദ്യം. 'ഇല്ല' ഞാന്‍ പറഞ്ഞു. ''എന്നാലേയ് നിങ്ങള്‍ ഉടനെ കാലിദിയയിലെ തൗഫീഖ് ടൈപ്പിങ്ങ് സെന്ററിനടുത്ത് വരണം.. ങാ... അല്‍മാഹയിരിയുടെ അടുത്ത്്... ഞാന്‍ അവിടെയെത്താം...'' രവി ഫോണ്‍ വെച്ചു. പത്ത് മിനുട്ട് കൊണ്ട് ഞാനും രവിയും കണ്ടുമുട്ടി. കൂടെ ഒരാളും. രവി പറഞ്ഞു. ''ഇയാളുടെ അടുത്ത് ഒരു റൂമുണ്ട്... 2,500 വാടക... പിന്നെ 500 രൂപ നാത്തുറിന് കൊടുക്കണം. എന്തേയ് പറ്റുമോ?'' ഞാന്‍ സമ്മതം മൂളി... ''എങ്കില്‍ റൂം കാണാം'' അവിടുന്ന് ടാക്‌സി പിടിച്ച് മുശിരിഫ് ഏരിയയില്‍ എത്തി. രണ്ട് നില പഴയ കെട്ടിടത്തിലെ ഒരു ഫ്ലറ്റ് ഫാമിലിയും ബാച്ചിലറും താമസിക്കുന്ന ഒരിടം. കുറെ ചെരിപ്പുകള്‍ അഴിച്ചുവെച്ച ഇടനാഴിയിലൂടെ അവസാനത്തെ റൂം ലക്ഷ്യമാക്കി നടന്നു. ആ ഫ്ലറ്റില്‍ അഞ്ച് റൂമുകള്‍ ഉണ്ടെന്ന് തോന്നി. അത് ഡിസൈന്‍ ചെയ്ത എഞ്ചിനീയര്‍ രണ്ട് മുറി മാത്രമേ വരച്ചിട്ടുണ്ടാവൂ. പിന്നീട് മരപ്പലക കൊണ്ട് നാടന്‍ ബ്രോക്കര്‍മാര്‍ തീര്‍ത്ത മൂന്ന് എക്‌സ്ട്രാ മുറികളാണ്. കാണുന്നത് കച്ചവടത്തിന്റെ പുതിയ മുഖം.

രവിയുടെ കൂടെയുള്ളയാള്‍ മുറി തുറന്നു. ലൈറ്റിട്ടു. ഒരെലി കാലിനിടയിലൂടെ പുറത്തേക്ക് പാഞ്ഞു. സിഗരറ്റ് കുറ്റിയും കടലാസ് തുണ്ടുകളും നിറഞ്ഞ ഒരു മുറി. ഫര്‍ണ്ണിച്ചര്‍ മൂന്ന് കാലുള്ള സ്റ്റൂള്‍ മാത്രം. ഞാന്‍ രവിയുടെ മുഖത്ത് നോക്കി. രവി പറഞ്ഞു. ഒരു ഏ.സി.വെക്കണം. കട്ടില്‍ വാങ്ങണം. പിന്നെ ഒരു വിനോലി (കാര്‍പ്പെറ്റ്) വിരിക്കണം. ഒരു മാസത്തേക്കല്ലേ അണ്ണാ അഡ്ജസ്റ്റ് ചെയ്യൂ. രവി ചിരിച്ചു. കൂടെയുള്ളയാളും. കണക്കുകള്‍ പിഴയ്ക്കുന്നു. ഒന്നും നോക്കാനില്ല, ഇത് സമ്മതിക്കണം. ഞാന്‍ രവിയുടെ മുഖത്ത് നോക്കി. എന്റെ നിസ്സഹായത് വായിച്ചറിഞ്ഞന്നോണം രവി പറഞ്ഞു. ''പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് നമുക്ക് ഏ.സി.യും കട്ടിലും ഒപ്പിക്കാം, പിന്നെ ടി.വി.യും ഫ്രിഡ്ജും... നമുക്ക് നോക്കമെടാ... തനിക്ക് ഇഷ്ടമായോ റൂം'' രവി ചോദിച്ചു. ഈ ചോദ്യം പണ്ട് എന്റെ ഭാര്യയെ പെണ്ണ് കാണാന്‍ പോയപ്പോള്‍ സുഹൃത്ത് ചോദിച്ചതാണ്. 'നിനക്ക് ഇഷ്ടമായോ'... അന്ന് ഇഷ്ടമാകാത്ത എന്റെ ഭാര്യയെ 'സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ട്' ഇഷ്ടമായി എന്ന് പറഞ്ഞതാണ്. അതേ ചോദ്യം ഇപ്പോള്‍ രവിയോടും പറയണം. 'കുഴപ്പമില്ല' ഞാന്‍ പറഞ്ഞു. ഇഷ്ടമല്ലാതിരുന്ന ഭാര്യയെ രണ്ട് മൂന്ന് കൊല്ലം കൊണ്ട് ഇഷ്ടമായതുപോലെ ഈ റൂമും ഇഷ്ടമാകുമായിരിക്കും.

'എങ്കില്‍ വാ' രവി ധൃതികൂട്ടി. അഡ്വാന്‍സ് കൊടുക്കൂ... രവി പറഞ്ഞു. കൂടെയുള്ളയാള്‍ നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക് വന്നു. 500 ദിര്‍ഹം ഞാന്‍ അഡ്വാന്‍സ് കൊടുത്തു.

ഇറങ്ങാന്‍ നേരം എലി വീണ്ടും അകത്തേക്ക് കയറി. ഏ.സി.യും അനുബന്ധസാധനങ്ങളും വാങ്ങാന്‍ ഏകദേശം 2,500 ദിര്‍ഹമെങ്കിലും വേണം. നാട്ടിലെ 28000 ഉറുപ്പിക. ഭക്ഷണസാധനങ്ങള്‍, സ്റ്റൗവ്് എന്നിവ കൂടാതെ... ഞാന്‍ കണക്കുകള്‍ ഇന്ത്യന്‍ മണിയിലേക്ക് കണ്‍വര്‍ട്ട് ചെയ്തു. തല പെരുക്കുന്നതുപോലെ.

വിസ കാന്‍സല്‍ ചെയ്യാന്‍ ഇനി പറ്റത്തില്ല. മൊബൈലില്‍ നിന്ന് മെസേജ് അയച്ചത് പോലെ. ടലിറ ചെയ്ത് പോയി. ഇനി തിരിച്ചെടുക്കാന്‍ പറ്റില്ല. അവള്‍ ഗള്‍ഫ് യാത്ര ഒരാഘോഷമാക്കുകയാണ്. യാത്ര ചോദിക്കലും.. പെട്ടി വാങ്ങലും...ഇല്ല ഇനി തടയാനാവില്ല... ഞാനെന്നല്ല ഐക്യരാഷ്ട്രസഭ വിചാരിച്ചാല്‍ പോലും അവളെ നിര്‍ത്താനാവില്ല. വരട്ടെ, പതിനാല് വര്‍ഷത്തിന്റെ മോഹസാക്ഷാത്ക്കാരം. ഒരു മാസത്തെ കൂടെകിടപ്പ് കൊണ്ട് അവസാനിക്കട്ടെ.

ക്രെഡിറ്റ് കാര്‍ഡില്‍ ക്രെഡിറ്റ് ലിമിറ്റ് കുറച്ചത് ഒരു വിനയായി. മൂന്ന് ദിവസത്തെ പരക്കംപാച്ചിലില്‍ എല്ലാം ഒന്നൊരുക്കാന്‍ കഴിഞ്ഞു. രവിയും മോഹനനും ഇബ്രാഹിക്കയും നന്നായി സഹകരിച്ചു. റൂം ഒരു വൃത്തിയും വെടിപ്പുമാക്കി. ഞാന്‍ താമസിച്ച റൂമില്‍ നിന്ന് ഒരു പഴയ ടി.വി. കടമായി കിട്ടി. കൊണ്ടുവെച്ചപ്പോഴാണ് ചാനല്‍ ഇല്ല എന്നറിയുന്നത്. നാത്തുറിന് 150 ദിര്‍ഹം കൊടുത്ത് ചാനല്‍ കിട്ടി. ഓണ്‍ ചെയ്തു. സ്‌ക്രീന്‍ തെളിഞ്ഞു. 'അപ്പോഴും പറഞ്ഞില്ലേ കെട്ടണ്ട കെട്ടണ്ടന്ന്' ഏതോ ഒരു തമാശ സീരിയലിലെ ടൈറ്റില്‍ സോങ്ങ് കേട്ടു.
വിസയും ടിക്കറ്റും റെഡി. അടുത്ത വ്യാഴാഴ്ച അവര്‍ വരും. കോഴിക്കോട് നിന്ന് പാതിരാത്രിയിലെത്തിയ വീര്‍ത്ത വയറുള്ള വിമാനത്തില്‍ നിന്ന് എന്റെ പ്രിയതമയും മകളും പുറത്തേക്ക് വന്നു.

ആശ്ചര്യം വിടര്‍ന്ന മുഖത്തോടെ ഭാര്യയും മകളും പുറത്തേക്ക് വരുമ്പോള്‍ നിര്‍ജീവമായ മുഖത്തോടെ ലീവ് കഴിഞ്ഞ് വരുന്ന പ്രവാസികള്‍ നമ്മളെയും കടന്ന് മുന്നോട്ട് നടക്കുന്നുണ്ടായിരുന്നു.

കാറില്‍ നിന്ന് പുറത്തേക്ക് നോക്കി ചുറ്റുമുള്ള അംബരചുംബികളായ കെട്ടിടങ്ങളും വൈദ്യുതി ദീപ അലങ്കാരങ്ങളും ഇവര്‍ക്ക് കൗതുക കാഴ്ചകളായി.

മുറിയിലെത്തി. ഭക്ഷണം കഴിച്ചു. കിടക്കാന്‍ നേരം ഭാര്യ പതുക്കെ പറഞ്ഞു. മകള്‍ വളര്‍ന്നു. അടങ്ങികിടന്നോണം... നേരം വെളുക്കട്ടെ ഇവിടത്തെ ഒരുപാട് കാഴ്ചകള്‍ കാണണം. ഭാര്യ കിടന്നു. നടുവില്‍ മകളും. പഴയ ഏ.സി.യുടെ മുരള്‍ച്ച നെഞ്ചില്‍ നിന്നാണെന്ന് തോന്നി. വിളമ്പി വെച്ച ഭക്ഷണം കഴിക്കാതിരിക്കുന്ന ഒരു വിശപ്പുള്ളവന്റെ അവസ്ഥയില്‍ ഞാന്‍ ചെരിഞ്ഞ് കിടന്നു.
ദിവസങ്ങള്‍ കടന്നുപോയി. രാത്രി പട്ടിണിയുടെ ദിനങ്ങള്‍ തന്നെ. മകളോട് പുറത്തുപോയി കളിക്കാന്‍ പറയാന്‍ പറ്റാത്ത അവസ്ഥ. ഫിലിപ്പൈനിയും ബംഗാളികളും താമസിക്കുന്ന ഫ്ലറ്റിന്റെ പുറത്തേക്ക് മകളെ തനിച്ചയക്കാന്‍ പേടി.

ഭാര്യ പറഞ്ഞു. ''എന്തായാലും നിങ്ങള്‍ ഉടന്‍ നാട്ടില്‍ വരിക'' ഞാന്‍ പറഞ്ഞില്ല. 'നിന്നെയും മകളെയും കൊണ്ടുവരാന്‍ എനിക്ക് നാട്ടിലെ രണ്ടരലക്ഷം രൂപ ചിലവായെന്ന്, അത് വീട്ടാന്‍ മൂന്ന് വര്‍ഷമെങ്കിലും ഇവിടെ കഷ്ടപ്പെടണമെന്ന്'..

പതിനഞ്ച് ദിവസം കഴിയുമ്പോഴേക്കും നാട്ടിലേക്കുള്ള പര്‍ച്ചേസിങ്ങിന്റെ ലിസ്്റ്റായി. സാധനങ്ങളും വാങ്ങിച്ചു. പോകാനുള്ള തയ്യാറെടുപ്പിലായി. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിതരാന്‍ പറ്റാത്തതിന്റെ വിഷമവും ഭര്‍ത്താവിന്റെ പ്രകൃതിപരമായ ആവശ്യം സാധിക്കാത്തതിന്റെ മനോവിഷമവുമായി ഭാര്യ യാത്ര പറഞ്ഞു. കണ്ടുതീരാത്ത കാഴ്ചകളുടെ എണ്ണം പറഞ്ഞു മകളും തയ്യാറായി.

നാളെ മുതല്‍ മൂട്ട കടിക്കുന്ന മുറിയിലേക്കുള്ള പറിച്ച് നടല്‍ അലോസരപ്പെടുത്തിയെങ്കിലും... മനസ്സിലെവിടെയോ ഒരു വെട്ടിപ്പിടിച്ചതിന്റെ ആഹ്ലാദം. പ്രവാസിക്ക് വളരെ വിരളമായി കിട്ടുന്ന ആനന്ദിന്റെ പൂത്തിരി.

ഓവര്‍ടൈം ചെയ്ത് നടുവൊടിയാന്‍ നീണ്ട മൂന്ന് വര്‍ഷത്തിന്റെ ദൈര്‍ഘ്യം. അഞ്ച് മണിക്ക് അലാറം വെച്ച് ചെരിഞ്ഞ് കിടക്കുമ്പോള്‍ ഞാനെന്ന വ്യക്തിത്വത്തിന്... എന്തെന്നില്ലാത്ത ഉള്‍തുടിപ്പ്... സ്വപ്‌നങ്ങളില്‍ ഇഴചേര്‍ത്ത ഒരു കുടുംബ സംഗമത്തിന്റെ മധുരിക്കുന്ന ഓര്‍മകള്‍...
ഭാര്യയുടെയും മകളുടെയും കൂടെ നടക്കാനിറങ്ങുമ്പോള്‍ കോര്‍ണീഷ് എത്ര മനോഹരം. നടപ്പാതയിലെ പുല്‍തകിടിക്ക് എന്ത് ഭംഗി. എന്നും കവറോളുമിട്ട് ഡ്യൂട്ടിക്ക് പോകുമ്പോള്‍ ഏ.സി.യില്ലാത്ത ബസ്സില്‍ നിന്ന് പുറത്തേക്ക് നോക്കുമ്പോള്‍ ഈ പതിനാല് വര്‍ഷവും കാണാത്ത മനോഹാരിത ഒരു മാസം എങ്ങനെയുണ്ടായി.

അലാറത്തിന്റെ ശബ്ദത്തില്‍ ഓര്‍മ്മകള്‍ക്ക് കടിഞ്ഞാണിട്ട്... വീണ്ടും പൊങ്ങുന്ന വെയിലിലേക്ക്..
ഇത് ഒരു കഥയാണ്. പലരുടെയും അനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയ യാഥാര്‍ത്ഥ്യമായ ജീവിത അനുഭവമാണ്. ഓരോ പ്രവാസിയും ഉള്ളില്‍ കൊണ്ടുനടക്കുന്ന മോഹങ്ങള്‍ ഇതൊക്കെയാണ്. ഇതിലെ കഥയും കഥാപാത്രങ്ങളും നിങ്ങള്‍ക്ക് നിങ്ങളായി തോന്നിയെങ്കില്‍ ഒട്ടും സംശയിക്കേണ്ട... അത് നിങ്ങള്‍ തന്നെയാണ്...

faseelarafiq@gmail.com
Mathrubhumi Posted on: 24 Jun 2010

Jun 22, 2010

വിശ്വവിഖ്യാത ബൈക്ക്

വൂട്ടര്‍ വാന്‍ഡെന്‍ ബോഷ് എന്ന ഡച്ച് മെക്കാനിക്കല്‍ എഞ്ചിനീയര്‍ നിര്‍മിച്ച ഭീമന്‍ ബൈക്ക്. പഴയ സൈക്കിളിന്റെയും ട്രാക്ടറിന്റെയും പാര്‍ട്‌സുകള്‍ ഉപയോഗിച്ച് മൂന്ന് മാസം കൊണ്ട് നിര്‍മിച്ചെടുത്ത ഈ ബൈക്ക് ഓടുന്ന വീഡിയോ ദൃശ്യം ഇപ്പോള്‍ യൂട്യൂബിലെ ലോകഹിറ്റാണ്. ആറു ലക്ഷം പേര്‍ ഇതിനകം ദൃശ്യം കണ്ടു കഴിഞ്ഞു




Madhyamam June 22, 2010

Jun 21, 2010

മത്തിയും പണവും കൈക്കൂലി: വനിതാപോലീസ് പിടിയില്‍

കാസര്‍ക്കോട്: വനിതാ സെല്‍ ആന്‍ഡ് ഹെല്‍പ്പ് ലൈന്‍ എസ്.ഐ കൈക്കൂലിയായി പണവും മീനും വാങ്ങിയതിന് വിജിലന്‍സിന്റെ പിടിയിലായി. പി.എസ് ലീലാമ്മയാണ് പതിനായിരം രൂപയും ഒരു കിലോ മത്തിയും കൈപ്പറ്റുന്നതിനിടയില്‍ അറസ്റ്റിലായത്.

അഞ്ചുമാസം മുമ്പ് കമിതാക്കള്‍ ഒളിച്ചോടിയ കേസുമായി ബന്ധപ്പെട്ടാണ് കാമുകന്റെ അമ്മയെ ഭീഷണിപ്പെടുത്തി ലീലാമ്മ കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കുലി നല്‍കിയില്ലെങ്കില്‍ സ്ത്രീപീഢനക്കേസില്‍ കുടുക്കുമെന്നായിരുന്നു ഭീഷണി.

കമിതാക്കള്‍ രണ്ടു കുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹം കഴിച്ചിരുന്നു. വിജിലന്‍സില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഒരാഴ്ചയായി ലീലാമ്മ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഫോണും തെളിവിനായി പോലീസ് ചോര്‍ത്തിയിരുന്നു. ലീലാമ്മ നേരത്തെ തന്നെ അഴിമതിയോരോപണങ്ങള്‍ക്ക് വിധേയയായിരുന്നു.
മാതൃഭൂമി 21/06/2010

Jun 17, 2010

പ്രവാസികള്‍ ഇനി നട്ടെല്ലോടെ

''ജന്മിത്വത്തിന്റെ അടിവേരുകളിളക്കിയത് ഇവിടത്തെ വിപ്ലവപാര്‍ട്ടികളല്ല. ഭൂപരിഷ്‌കരണമാണു മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളം മെച്ചപ്പെടാന്‍ കാരണമെന്നാണ് ഇവിടത്തെ വിപ്ലവപാര്‍ട്ടികള്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. വ്യാജമായ പ്രചാരണമാണിത്. അങ്ങനെയായിരുന്നെങ്കില്‍ ഭൂപരിഷ്‌കരണം നടന്ന മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെയുള്ള മാറ്റങ്ങളുണ്ടാകുമായിരുന്നു. തമ്പുരാക്കന്മാരുടെ മുമ്പില്‍ നടുവളച്ചു നിന്നിരുന്ന ഒരു തലമുറ നേര്‍ക്കുനേരേ നിന്നു കാര്യങ്ങള്‍ പറയുന്നവരായി മാറിയതു പ്രവാസത്തിലൂടെ നേടിയ സമ്പത്തും ആത്മവിശ്വാസവും കൊണ്ടായിരുന്നുവെന്നത് ആര്‍ക്കാണു നിഷേധിക്കാനാവുക?''

പ്രശസ്ത സംവിധായകനും സി.പി.എം. മുന്‍ എം.എല്‍.എ.യുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഈ ആശയത്തിന്റെ ആഴങ്ങളിലേക്ക് ഇപ്പോള്‍ ഞാന്‍ കടക്കുന്നില്ല. എന്നാല്‍, ജനാധിപത്യ, രാഷ്ട്രീയ അവകാശങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ പ്രവാസികള്‍ ഇപ്പോഴും നടുവളച്ചു തന്നെയാണു നില്ക്കുന്നത് എന്നതൊരു യാഥാര്‍ഥ്യമാണ്. അവര്‍ക്ക് വോട്ടവകാശമില്ല. ജനിച്ച നാട്ടിലും ജോലിചെയ്യുന്ന നാട്ടിലും ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കുകയെന്ന മൗലികാവകാശം ലഭിക്കാത്തവരാണ് അവര്‍. രാഷ്ട്രീയമായ സ്വത്വനഷ്ടം ഓരോ പ്രവാസിയുടെയും നീറുന്ന വേദനയാണ്.

ലക്ഷക്കണക്കിനു പ്രവാസികളുടെ ഈ വേദനയ്ക്ക് പരിഹാരം തേടിയാണു യു.പി.എ. സര്‍ക്കാര്‍ എന്‍.ആര്‍.ഐ. വോട്ടിങ് ബില്‍ അവതരിപ്പിച്ചത്. അഞ്ചുവര്‍ഷത്തെ സുദീര്‍ഘമായ പ്രക്രിയയ്ക്കുശേഷം അത് ഇപ്പോള്‍ യാഥാര്‍ഥ്യമാകുകയാണ്. അതിനു മുന്‍കൈയെടുത്ത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നു. ഇതിനു ചുക്കാന്‍ പിടിച്ചതാകട്ടെ കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണിയും വയലാര്‍ രവിയുമാണ്. പ്രവാസികളുടെ ഇടയില്‍ ഈ ബില്‍ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ്. ആയിരക്കണക്കിനു പേരാണ് ഇതിനോടു പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. നേരിട്ടും ഇ-മെയിലിലൂടെയുമൊക്കെ പ്രതികരണങ്ങള്‍ പ്രവഹിക്കുന്നു. അഭിനന്ദനങ്ങളും വിമര്‍ശനങ്ങളുമുണ്ട്.

നാട്ടില്‍ വോട്ട്

പ്രവാസികള്‍ക്ക് വോട്ടുചെയ്യാന്‍ അവകാശം നല്കുന്നതാണ് ബില്ലിന്റെ കാതല്‍. തിരഞ്ഞെടുപ്പുവേളയില്‍ അവര്‍ മറ്റുള്ളവരെപ്പോലെ പോളിങ് ബൂത്തില്‍ ഉണ്ടാകണമെന്നു മാത്രം. വോട്ടര്‍പട്ടികയില്‍ അവരുടെ പേര്‍ പാസ്‌പോര്‍ട്ട് നമ്പര്‍ സഹിതം ചേര്‍ക്കും. ആ സ്ഥലത്ത് അവര്‍ക്ക് വോട്ടും ചെയ്യാം. ഒട്ടേറെ കടമ്പകള്‍ മറികടന്നാണ് ബില്‍ യാഥാര്‍ഥ്യമാകുന്നത്.

ജനപ്രാതിനിധ്യനിയമത്തില്‍ ഭേദഗതി വരുത്തിവേണം ഇതു നടപ്പാക്കാന്‍. ഇപ്പോള്‍ ഒരാള്‍ ആറുമാസത്തിലധികം സ്വന്തം താമസസ്ഥലത്തുനിന്നു മാറിനിന്നാല്‍ വോട്ടര്‍പട്ടികയില്‍നിന്നു പേരുവെട്ടും. മറ്റൊരു സ്ഥലത്ത് അയാള്‍ താമസമാക്കി അവിടത്തെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തിരിക്കും എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. പുതിയ നിയമപ്രകാരം പ്രവാസി വോട്ടര്‍മാര്‍ക്ക് ഈ വ്യവസ്ഥ ബാധകമാകില്ല. ആറുമാസത്തിലധികം സ്വന്തം നാട്ടില്‍ നിന്നു മാറി വിദേശത്തു ജോലി ചെയ്യുമ്പോഴും അവര്‍ക്ക് വോട്ടര്‍പട്ടികയില്‍ ഇടംകിട്ടും.

മറ്റൊരു രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ജനപ്രാതിനിധ്യനിയമ പ്രകാരം ഇന്ത്യയില്‍ വോട്ടവകാശമില്ല. യൂറോപ്പിലും അമേരിക്കയിലുമുള്ള പ്രവാസികളില്‍ ഭൂരിപക്ഷം പേരും അവിടത്തെ പൗരന്മാരാണ്. അവര്‍ അവിടെ സ്ഥിരതാമസമാക്കിയവരാണ്. യഥാര്‍ഥത്തില്‍ ഗള്‍ഫ് പ്രവാസികള്‍ക്കാണ് ബില്ലുകൊണ്ട് കൂടുതല്‍ പ്രയോജനം ലഭിക്കുന്നത്. അവര്‍ അവിടെ സ്ഥിരതാമസക്കാരല്ല. അവിടത്തെ പൗരത്വം ലഭിക്കുകയുമില്ല. അവര്‍ക്ക് അവിടെയും ഇവിടെയും രാഷ്ട്രീയ അവകാശങ്ങളില്ല. അതിനുള്ള പരിഹാരമാണ് ഈ ബില്‍.

പ്രവാസി വോട്ടിങ് ബില്ലിനെക്കുറിച്ചുള്ള ഒരു പ്രധാന ആക്ഷേപം പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്തിരുന്നു വോട്ടുചെയ്യാനുള്ള വ്യവസ്ഥ ഇല്ല എന്നതാണ്. തിരഞ്ഞെടുപ്പുവേളയില്‍ വോട്ടുചെയ്യാന്‍ മാത്രം നാട്ടില്‍ വരിക പ്രായോഗികമല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ജോലി ചെയ്യുന്ന രാജ്യത്തു തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടാകണമെന്നതു വളരെ സങ്കീര്‍ണമായ ആവശ്യമാണ്. അതു പ്രായോഗികമല്ല.

ഗള്‍ഫില്‍ വോട്ടുചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയാണെന്നു സങ്കല്പിക്കുക. അപ്പോള്‍ കേരളത്തിലെ രാഷ്ട്രീയജ്വരം ഗള്‍ഫുനാടുകളിലേക്കു കുടിയേറുകയും അവിടെ പ്രവാസികള്‍ ചൂടേറിയ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും. അങ്ങനെ ഒരു സ്ഥിതിവിശേഷം അഭികാമ്യമാണോ? പ്രവാസികള്‍ക്കു മുന്നില്‍ തുറന്നുകിട്ടിയ അവസരങ്ങളുടെ വാതായനങ്ങള്‍ അടയുന്ന സാഹചര്യത്തെക്കുറിച്ചു ചിന്തിക്കാന്‍പോലും ആകില്ല. ഈ അപകടം ഒഴിവാക്കാനാണ് നാട്ടില്‍ വോട്ട് എന്ന വ്യവസ്ഥ കൊണ്ടുവന്നത്.

അതതു കോണ്‍സുലേറ്റുകളില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തുക എന്നത് അപ്രായോഗികമാണ്. രാജ്യത്ത് 543 ലോക്‌സഭാമണ്ഡലങ്ങളും 4072 അസംബ്ലി മണ്ഡലങ്ങളുമാണുള്ളത്. അതനുസരിച്ചുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക വലിയ വെല്ലുവിളി തന്നെയായിരിക്കും.

കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാറാണ് പ്രവാസി വോട്ടവകാശം എന്ന ആശയവുമായി ആദ്യം രംഗത്തുവന്നത്. ഇതു സംബന്ധിച്ച ഒരു കരട് ബില്‍ തന്നെ തയ്യാറാക്കി 2005-ല്‍ കേന്ദ്രസര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നു. കേന്ദ്രം അതു സ്വീകരിച്ചു. തുടര്‍ന്ന് 2006-ല്‍ത്തന്നെ പ്രവാസി വോട്ടിങ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. അതു സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയും അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. നിയമമന്ത്രാലയം റിപ്പോര്‍ട്ട് വിശദമായി പഠിച്ചശേഷം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു. അതിനാണ് ഇപ്പോള്‍ കേന്ദ്രപ്രതിരോധ മന്ത്രി എ.കെ. ആന്റണി അധ്യക്ഷനായ സമിതി പച്ചക്കൊടി കാട്ടിയിരിക്കുന്നത്.

ഇനി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയാല്‍ മതി. അതോടെ ചരിത്രപരമായ ഒരു ദൗത്യം നിര്‍വഹിക്കപ്പെടും. രാഷ്ട്രീയമായ സ്വത്വത്തോടെ പ്രവാസികള്‍ക്ക് ഇനി ആരുടെയും മുന്നില്‍ തലയുയര്‍ത്തി നില്ക്കാം. പണം എത്തിക്കാനുള്ള വെറുമൊരു യന്ത്രം എന്ന നിലയില്‍നിന്ന് ഈ രാജ്യത്തിന്റെ ഭാഗധേയത്തില്‍ പങ്കുവഹിക്കുന്ന സുപ്രധാന കണ്ണിയെന്ന അന്തസ്സുറ്റ അവസ്ഥയിലേക്ക് അവര്‍ ഉയര്‍ത്തപ്പെടും.

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.ഡി.എസ്.) നടത്തിയ പഠന പ്രകാരം 2008-ല്‍ വിദേശത്തുള്ള 21.93 ലക്ഷം മലയാളികള്‍ കേരളത്തിലേക്ക് അയച്ചത് 43,288 കോടി രൂപയാണ്. ഇതു കേരളത്തിന്റെ ദേശീയ വരുമാനത്തിന്റെ 30.7 ശതമാനംവരും. എത്ര സുപ്രധാന പങ്കാണ് അവര്‍ രാഷ്ട്രനിര്‍മാണത്തില്‍ വഹിക്കുന്നതെന്നു വ്യക്തം. അതിന്റെ വ്യാപനം കൂടിയാണ് പ്രവാസി വോട്ടവകാശ ബില്‍. പ്രവാസികളുടെ ആവശ്യങ്ങളോടും അവകാശങ്ങളോടും ഭരണകൂടങ്ങള്‍ ഇനി കൂടുതല്‍ ക്രിയാത്മകമായി പ്രതികരിക്കേണ്ടി വരും.


രണ്ടു വിവേചനങ്ങള്‍

ഇതിനിടെ രണ്ടു വിവേചനങ്ങള്‍കൂടി പ്രവാസികള്‍ നേരിടുന്നുണ്ട്. രാജ്യവ്യാപകമായി ഇപ്പോള്‍ ജനസംഖ്യാ കണക്കെടുപ്പ് നടക്കുകയാണ്. ഇന്ത്യയില്‍ താമസിക്കുന്നവരുടെ കണക്കാണ് ഇപ്പോള്‍ എടുത്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രവാസികളെ ഉള്‍പ്പെടുത്തുന്നില്ല. യഥാര്‍ഥത്തില്‍ അവരെക്കൂടി ഉള്‍പ്പെടുത്തേണ്ടതാണ്. ഈ ആവശ്യം കേന്ദ്രസര്‍ക്കാറിന്റെ മുമ്പില്‍ ഉന്നയിച്ചിട്ടുണ്ട്. അതു നടപ്പാക്കേണ്ടതാണ്.

മറ്റൊന്ന്, ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് (ഡൃഹൂുവ കലവൃറഹറള്‍ *മില) സംബന്ധിച്ചാണ്. രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും 2011-ല്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്കാനുള്ള വന്‍ പദ്ധതിയാണിത്. ഇന്‍ഫോസിസിന്റെ ശക്തിസ്രോതസ്സായിരുന്ന നന്ദന്‍ നിലേക്കനി അധ്യക്ഷനായുള്ള സമിതിയാണ് ഇതിനു നേതൃത്വം നല്കുന്നത്. ഇന്ത്യന്‍ ഐ.ടി. അത്ഭുതമായ ഇന്‍ഫോസിസ് പോലൊരു അത്ഭുതമായിരിക്കും അടുത്ത വര്‍ഷം സംഭവിക്കുക. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുക എന്നത് അതി ശ്രമകരമായ പദ്ധതിയാണ്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സമിതി പ്രവര്‍ത്തിക്കുന്നത്. യു.പി.എ. സര്‍ക്കാറിന്റെ പ്രസ്റ്റീജ് പദ്ധതികളിലൊന്നാണിത്.

പ്രവാസികള്‍ക്ക് ഈ തിരിച്ചറിയല്‍ കാര്‍ഡ് നല്കാനുള്ള വ്യവസ്ഥ ഇപ്പോഴില്ല. അവര്‍ മറുനാട്ടിലായതിനാല്‍ നലേ്കണ്ട എന്നാണ് ഇപ്പോഴത്തെ തീരുമാനം. അതൊരു തെറ്റായ തീരുമാനമാണ്. റേഷന്‍ കാര്‍ഡിനേക്കാള്‍ സുപ്രധാനമായ ഒരു രേഖയായിരിക്കും ഈ വിവിധോദ്ദേശ്യ തിരിച്ചറിയല്‍ കാര്‍ഡ്. നമ്മുടെ ജീവിതരേഖ തന്നെ അതില്‍ കോറിയിട്ടിട്ടുണ്ട്. റേഷന്‍ കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, വോട്ടര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയ്ക്കു പകരം ഈ ഒരൊറ്റ കാര്‍ഡ് മതി. വൈദ്യുതി ബില്‍, വെള്ളക്കരം, ക്രയവിക്രയം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. ആദായനികുതി അടയ്ക്കാനും ഈ കാര്‍ഡ് മതി. സര്‍ക്കാറിന്റെ വിവിധ ആനുകൂല്യങ്ങളും സബ്‌സിഡികളും നേടിയെടുക്കാനും ഇതു മതിയാകും. ഇത്രയും സുപ്രധാനമായ ഒരു കാര്‍ഡാണ് പ്രവാസികള്‍ക്കു നിഷേധിക്കുന്നത്.

കൈയിലൊരു സര്‍ട്ടിഫിക്കറ്റും നെഞ്ചിലൊരു കുടന്ന ആത്മവിശ്വാസവുമായി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് എടുത്തു ചാടിയവരാണു പ്രവാസികള്‍. അവര്‍ ഭൂരിപക്ഷവും വിജയം വരിച്ചു. എങ്കിലും രാഷ്ടീയപരവും ജനാധിപത്യപരവുമായ അവകാശങ്ങളില്‍ പ്രവാസികളുടേത് ഇപ്പോഴും ആടുജീവിതം തന്നെയാണ്. അതില്‍നിന്നൊരു മോചനം കാത്തുകഴിയുന്നവരാണവര്‍. അവരോടൊപ്പം നില്ക്കാന്‍ നമുക്കു ബാധ്യതയുണ്ട്. അതിലൊരു പടിയായി പ്രവാസി വോട്ടിങ് ബില്ലിനെ കാണാം. ജനസംഖ്യാ കണക്കെടുപ്പിലും ദേശീയ തിരിച്ചറിയില്‍ കാര്‍ഡ് വിതരണത്തിലും അവരെ പരിഗണിക്കുക കൂടി ചെയ്താല്‍ പ്രവാസികളോടുള്ള നമ്മുടെ കരുതലിന്റെ മറ്റൊരു അടയാളമായി.

ഉമ്മന്‍ചാണ്ടി

Mathrubhumi: 17 Jun 2010

Jun 13, 2010

ഇന്ത്യ എഴുതിത്തള്ളുന്ന 'ആടുജീവിത'ങ്ങള്‍!

ഇന്ത്യ എഴുതിത്തള്ളുന്ന 'ആടുജീവിത'ങ്ങള്‍!
Sunday, June 13, 2010 I Madhyamam
ദല്‍ഹി ഡയറി / എം.സി.എ. നാസര്‍

തല്ലും തലോടലും ഭരിക്കുന്നവരുടെ പ്രകൃതം. രണ്ടും അവര്‍ക്ക് ഒരേ വികാരമാകും നല്‍കുക. അതിന്റെ പേരില്‍ പിടയുന്ന മനുഷ്യരോ സമൂഹമോ അവര്‍ക്ക് പ്രശ്‌നമാകാറില്ല. അല്ലെങ്കില്‍ നോക്കൂ, പ്രവാസി വോട്ടവകാശം എന്ന നെടുനാളത്തെ ആവശ്യത്തിലേക്കുള്ള ശക്തമായ തീരുമാനം കൈക്കൊണ്ട ഉടന്‍ അതാ വരുന്നു കൂലിത്തല്ലിന്റെ സ്വഭാവത്തില്‍ മറ്റൊരു കനത്ത പ്രഹരം. നാടും വീടും കുലുക്കി ഇപ്പോള്‍ നടക്കുന്ന ദേശീയ ജനസംഖ്യാകണക്കെടുപ്പില്‍ പ്രവാസിയെ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന്.
ഒരു ചോദ്യം ന്യായം. അറുക്കുംമുമ്പ് ഉരുക്കള്‍ക്ക് വെള്ളം കൊടുക്കാറുണ്ട്. ഇപ്പണിയായിരുന്നോ പ്രവാസി വോട്ടവകാശത്തെ കുറിച്ച വയലാര്‍രവിയുടെ പ്രഖ്യാപനം? ജനസംഖ്യാ രജിസ്റ്ററില്‍ പോലും ഇടം പിടിക്കാത്തവന്‍ പിന്നെയെങ്ങനെ വോട്ടര്‍പട്ടികയില്‍ കയറും? തൊഴിലും മറ്റും തേടി പുറപ്പെട്ടു പോയ മനുഷ്യരുടെ കാര്യത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന വിവേചനമാണിത്. അതിന് അറുതിയില്ലെന്ന് വീണ്ടും വ്യക്തം.

സ്വാതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ടു വേണ്ടി വന്നു ഒരു രാജ്യത്തിന് അതിന്റെ പരദേശിസമൂഹത്തിന്റെ ജനായത്ത പങ്കാളിത്തം ആലോചിക്കാന്‍. സാങ്കേതികതകളില്‍ തൂങ്ങിയാണ് ഇത്രയും കാലം അവര്‍ക്ക് ഈ അവകാശം നിഷേധിച്ചത്. 1950ലെ ജനപ്രാതിനിധ്യനിയമം ഇരുപതാംവകുപ്പില്‍ പരാമര്‍ശിച്ച 'പതിവു താമസക്കാരന്‍' എന്ന സംജ്ഞക്കു പറ്റിയ ഒരു സ്ഖലിതത്തിന്റെ പിഴയൊടുക്കുകയായിരുന്നു പരദേശി സമൂഹം. അതുപ്രകാരം രാജ്യത്തു നിന്ന് ആറു മാസം അകന്നു നിന്നാല്‍ വോട്ടര്‍പട്ടികക്കു പുറത്തായി. വോട്ടവകാശം മാത്രമല്ല, മല്‍സരിക്കാനുള്ള അവകാശവും നിഷിദ്ധം. നിയമങ്ങളിലെ സ്ഖലിതങ്ങള്‍ തിരിച്ചറിയാനും തിരുത്താനും എന്തൊക്കെ മാര്‍ഗങ്ങളുണ്ട്? നിയമത്തില്‍ മാത്രമല്ല, ഭരണഘടനയില്‍ തന്നെ ഭേദഗതിക്ക് എത്ര തവണ നാം ശ്രമിച്ചിരിക്കുന്നു. അപ്പോള്‍ പ്രശ്‌നം അതൊന്നുമല്ല. ഒരു വിഭാഗത്തോടുള്ള വിവേചനംതന്നെ. പ്രവാസി വോട്ടവകാശം എന്നു കേള്‍ക്കുമ്പോഴേക്ക് അധികാര കേന്ദ്രം മാത്രമല്ല, ഇലക്ഷന്‍കമീഷനും കോടതികളും മറിച്ചേ ചിന്തിക്കൂ. അതാണ് ഇതുവരെയുള്ള അനുഭവം.

അതിനിടയിലും ഇന്ത്യയിലെത്തുന്ന വന്‍ വിദേശനാണ്യത്തിന്റെ മഹിമ പറഞ്ഞ് നമ്മുടെ സംവിധാനങ്ങള്‍ പരദേശികളെ പ്രകീര്‍ത്തിക്കും. അവരിലെ വരേണ്യപ്രതിനിധികളെ എല്ലാ കൊല്ലവും വിളിച്ചുവരുത്തി പട്ടും വളയും നല്‍കി ആദരിക്കും. അവരിലെ അതിസമ്പന്നര്‍ക്ക് ഉദാരമായി ഇരട്ട പൗരത്വം നല്‍കും. നിക്ഷേപസാധ്യതകളുടെ ആയിരം വായ്ത്താരികള്‍ അപ്പോള്‍ ഉയരും. ഇന്ത്യയും പുറംലോകവുമായുള്ള ചരിത്രബന്ധത്തിന്റെ പൗരാണികതയെ കുറിച്ച് നേതാക്കള്‍ വാചാലരാകും.
എന്തായാലും ഇപ്പോള്‍ ചില നല്ല മാറ്റങ്ങളുണ്ട്. 2006ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ജനപ്രാതിനിധ്യ ഭേദഗതിബില്ലിനോട് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അനുഭാവം തോന്നി. എ.കെ ആന്റണി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയും കരുണകാട്ടി. ഇനി ബില്‍ പാര്‍ലമെന്റ് പസാക്കുകയേ വേണ്ടൂ. അതോടെ നാട്ടിലുണ്ടെങ്കില്‍ പ്രവാസിക്ക് വോട്ടു ചെയ്യാം, മല്‍സരിക്കാം.
മുമ്പ് പി.വി അബ്ദുല്‍വഹാബിന്റെ രാജ്യസഭാസ്ഥാനാര്‍ഥിത്വം സൃഷ്ടിച്ച പുകില്‍ നാം കണ്ടതാണ്. അന്ന് പ്രതിപക്ഷ നേതാവ് വി.എസ് ആയിരുന്നു എതിര്‍പ്പുമായി മുന്നില്‍. വഹാബ് എന്ന വ്യക്തിക്കപ്പുറം ലക്ഷക്കണക്കിനു വരുന്ന പരദേശികളുടെ നിഷേധിക്കപ്പെടുന്ന രാഷ്ട്രീയാവകാശത്തെ എല്ലാവരെയും പോലെ വി.എസും മറക്കുകയായിരുന്നു.

അതിന് പ്രായശ്ചിത്തമെന്നോണമായിരിക്കണം വി.എസ് സര്‍ക്കാര്‍ ഇപ്പോള്‍ നല്ലൊരു ചുവടുവെപ്പ് നടത്തിയത്. ഇരുപത്തഞ്ച് ലക്ഷത്തിലേറെ വരുന്ന മലയാളി പ്രവാസി സമൂഹത്തെ ജനസംഖ്യാ കണക്കെടുപ്പ് രജിസ്റ്ററില്‍ ചേര്‍ക്കാന്‍ കേന്ദ്രാനുമതി തേടി. എന്നാല്‍ മറ്റൊരു മലയാളിയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയുമായ ജി.കെ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഈ അഭ്യര്‍ഥന അപ്പാടെ തള്ളി. അങ്ങനെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പട്ടികയില്‍ നിന്ന് കാല്‍കോടി മനുഷ്യര്‍ ഒറ്റയടിക്ക് പുറത്ത്! പൗരത്വം തെളിയിക്കാന്‍ പോലും പാടുപെടേണ്ട ഈ യുഗത്തില്‍ ജനസംഖ്യാ രജിസ്റ്ററിന്റെ പടിക്കു പുറത്താക്കപ്പെട്ട ഈ മനുഷ്യര്‍ക്ക് ഇനിയെങ്ങനെ ജനായത്തപ്രക്രിയയില്‍ ഭാഗഭാക്കാകാന്‍ കഴിയും?

സങ്കടം അതല്ല. ബംഗ്ലാദേശ് മുതല്‍ പാകിസ്താനില്‍ നിന്നുവരെ ഇന്ത്യയില്‍ അനധികൃതമായി കുടിയേറിയവരെ കണക്കെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തരുതെന്നാണ് നമ്മുടെ 'ആഭ്യന്തര'മാര്‍വാഡികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. പുറത്തു പോയി പണിയെടുക്കുന്നു എന്ന ഏകകാരണത്താല്‍ കാല്‍കോടി മലയാളികളുടെ അസ്തിത്വം തന്നെയാണ് ഇവിടെ ഒറ്റയടിക്ക് നിരാകരിക്കപ്പെട്ടിരിക്കുന്നത്.
ഏറ്റവും വലിയ ജനാധിപത്യസമൂഹമായാണ് നാം നമ്മെ വിശേഷിപ്പിക്കാറ്. പക്ഷേ, ലോകത്തെ അമ്പതോളം ജനാധിപത്യരാജ്യങ്ങള്‍ വിദേശങ്ങളിലെ സ്വന്തം പൗരന്‍മാര്‍ക്ക് വോട്ടവകാശം അനുവദിക്കാന്‍ സാങ്കേതികവാറോലകളിലെ സ്ഖലിതങ്ങളൊന്നും മറയാക്കിയിട്ടില്ല. ഫിലിപ്പീന്‍സും ഇറാഖും ഇറാനും ഇന്തോനേഷ്യയും ആ പട്ടികയിലുണ്ട്. ഒരു കുഴപ്പവും കൂടാതെ അവര്‍ പ്രവാസലോകത്തിരുന്നു തന്നെ സ്വന്തം ചൂണ്ടുവിരലുകളില്‍ മഷിപ്പാട് വീഴ്ത്തുന്നു. ഗള്‍ഫിലെയും മറ്റും നയതന്ത്രകേന്ദ്രങ്ങളിലോ മൈതാനങ്ങളിലോ പുറത്ത് ബൂത്തുകള്‍ കെട്ടിയോ ഒരു 'ക്രമസമാധാന'പ്രശ്‌നവും കൂടാതെ അവര്‍ അഭിമാനത്തോടെ വോട്ട് രേഖപ്പെടുത്തുന്നു. ഗള്‍ഫ്ഭരണാധികാരികള്‍ അതിന് സഹായമൊരുക്കുന്നു.

ഏതാനും ആയിരങ്ങളുടെ വോട്ടുകള്‍ ഇലക്ഷന്‍ ജയപരാജയത്തെ നിര്‍ണയിച്ചു കൊള്ളണം എന്നൊന്നുമില്ല. പക്ഷേ, ഒരു രാജ്യം തങ്ങളുടേത് കൂടിയാണെന്ന ബോധം അപ്പോള്‍ അവരില്‍ നിറയും. മണ്ഡലങ്ങള്‍ തിരിച്ച് പുറം ലോകത്ത് വോട്ടെടുപ്പ് നടത്തുക സംഭവ്യമല്ലെന്ന് ഇലക്ഷന്‍ കമീഷണന്‍ നവീന്‍ ചൗള പറയുന്നതു സമ്മതിക്കാം. എന്നാല്‍ ആഗോള കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഇത്രയും കരുത്താര്‍ജിച്ച ഘട്ടത്തില്‍, ത്രി-ജി സ്‌പെക്ട്രം ഇടപാടുകളിലുടെ വന്‍തുക രാജ്യം സമാഹരിക്കുന്ന സന്ദര്‍ഭത്തില്‍ ആധുനികസംവിധാനങ്ങള്‍ ഉപയോഗിച്ച് പുറപ്പെട്ടുപോയ മനുഷ്യരുടെ കൂടി അഭിപ്രായം തേടുന്നത് തീര്‍ത്തും അസാധ്യമാണെന്ന് പറയാനാവുമോ? തപാല്‍ വോട്ടുകള്‍ക്ക് അനുമതി നല്‍കിയിരിക്കെ, ഇന്റര്‍നെറ്റ് വോട്ടിങ് സാധ്യത പാടില്ലെന്ന ദുര്‍വാശിയെന്തിന്?

വോട്ടെടുപ്പില്‍ പരിമിതാര്‍ഥത്തില്‍ ഭാഗഭാക്കാകുന്നതിലൂടെ പരദേശികള്‍ക്ക് വലുതായൊന്നും ലഭിക്കണമെന്നില്ല. പക്ഷേ, അവരുടെ പ്രശ്‌നങ്ങളുടെ അടിത്തറ രാഷ്ട്രീയ തിരസ്‌കാരവുമായി ബന്ധപ്പെട്ടതു തന്നെയാണ്. സര്‍ക്കാര്‍വക രാഷ്ട്രീയതീരുമാനങ്ങളില്‍ ഒരിക്കല്‍പോലും അവന്റെ ശബ്ദം കടന്നുവരുന്നില്ല. പാര്‍ലമെന്റ്‌സമ്മേളനങ്ങളില്‍ അവന്റെ പ്രശ്‌നങ്ങള്‍ എവിടെയും അലയടിക്കുന്നില്ല. ആസൂത്രണ നയരേഖകളില്‍ അവന്റെ ദുരിതം ഇടം പിടിക്കുന്നില്ല. ദേശീയമാധ്യമങ്ങള്‍ അവന്റെ സങ്കടങ്ങള്‍ക്ക് ഒരിക്കല്‍ പോലും ഇടം കൊടുക്കുന്നില്ല. ഇനിയെങ്കിലും ഇതിനൊക്കെ ഒരു തിരുത്ത് വേണ്ടതല്ലേ? ആ നിലക്കാണ് വോട്ടവകാശത്തിനുവേണ്ടി പരദേശത്തെ മനുഷ്യര്‍ പതിറ്റാണ്ടുകളായി മുറവിളി കൂട്ടുന്നത്. പക്ഷേ, നജീബ് താണ്ടുകയും ബഹ്‌റൈനിലെ പ്രിയസുഹൃത്ത് ബെന്യാമിന്‍ അടയാളപ്പെടുത്തുകയും ചെയ്ത ഈ ആടുജീവിതങ്ങളുടെ ഗദ്ഗദങ്ങള്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഇരിക്കുന്നവര്‍ എന്ന്, എങ്ങനെ അറിയാന്‍?

പുറപ്പെട്ടു പോയ മനുഷ്യരെ കുറിച്ച കൃത്യമായ കണക്കു പോലും നമ്മുടെ പക്കല്‍ ഇല്ല. എണ്ണമറ്റ പരദേശി സംഘടനകളും കൂട്ടായ്മകളും എല്ലാ സഹായങ്ങളും നല്‍കുമെന്നിരിക്കെ, കൃത്യമായ ഒരു കണക്കെങ്കിലും ഉറപ്പാക്കാന്‍ കഴിയുന്നത് രാജ്യത്തിനു തന്നെയും നല്ലതല്ലേ? ഒന്നു മനസ്സുവെച്ചാല്‍ അത് നടക്കും. അപ്പോഴറിയാം, എന്‍.ആര്‍.ഐ പ്രമുഖരുടെ വേഷമിട്ടവരല്ല, തുച്ഛവരുമാനത്തില്‍ ദാരിദ്ര്യരേഖക്കും താഴെ ജീവിതം നയിക്കുന്നവരാണ് അവരില്‍ ഏറിയ കൂറുമെന്ന്. പുറം ലോകത്തേക്ക് പുറപ്പെട്ട് കാണാതായ മനുഷ്യര്‍ നിരവധി. വര്‍ഷങ്ങളായി നാട്ടില്‍ വരാന്‍പോലും കഴിയാതെ ഗള്‍ഫ് നഗരങ്ങളില്‍ അലയാന്‍ വിധിക്കപ്പെട്ട ഇന്ത്യക്കാര്‍ അതിലേറെ. ചെയ്തതും ചെയ്യാത്തതുമായ കുറ്റത്തിന്റെ പേരില്‍ ഗള്‍ഫ് ജയിലുകളില്‍ കഴിച്ചു കൂട്ടുന്ന ഇന്ത്യക്കാരുടെ എണ്ണം ആയിരങ്ങളിലാണ്.
ഇവര്‍ക്കു വേണ്ടി ഒരു ജനാധിപത്യസമൂഹത്തിന് ഒന്നും ചെയ്യാനില്ലെന്നു വരുമോ?

Jun 3, 2010

ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലും........


വിമാന ദുരന്ത സ്ഥലത്ത് നിന്ന് സ്വര്‍ണ്ണവും പണവും തട്ടിയ യുവാവ് അറസ്റ്റില്‍
മംഗലാപുരം: 158 പേരുടെ ദാരുണ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തില്‍ പെട്ടവരുടെ പണവും സ്വര്‍ണവും കവര്‍ന്ന വിരുതനെ പോലീസ് അറസ്റ്റ് ചെയ്തു. ബജ്പെ കുപ്പപദവ് സ്ക്കൂളിന് സമീപത്തെ സത്താര്‍(23) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 130 ഗ്രം സ്വര്‍ണ്ണവും 6,36,700 രൂപയും കണ്ടെടുത്തു. പ്രതിയെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്റ് ചെയ്തത്. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍പന്തിയിലായിരുന്നു സത്താര്‍. ഇതിനിടയിലാണ് ഇയാള്‍ പണവും സ്വര്‍ണവും കൈക്കലാക്കിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാന ഘട്ടം വരെ സ്ഥലത്തുണ്ടായിരുന്ന സത്താര്‍ മറവൂര്‍ സ്വദേശികളായ അല്‍താഫ്, റിഷാദ് എന്നിവരുടെ സഹായത്തോടെ സ്വര്‍ണ്ണം പലസ്ഥലങ്ങളിലായി ഒളിപ്പിച്ച് വെയ്ക്കുകയായിരുന്നുവെന്ന് പറയുന്നു. ദുരന്തം നടന്ന് രണ്ട് ദിവസത്തിന് ശേഷം സത്താറും മറ്റു രണ്ട് പേരും നടത്തിയ നീക്കങ്ങള്‍ സംശയാസ്പദമായിരുന്നുവെന്ന് പോലീസ് പറയുന്നു. രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട യുവാക്കള്‍ സാന്‍ട്രോ കാറില്‍ മംഗലാപുരം നഗരത്തില്‍ ചുറ്റികറങ്ങുന്നത് പതിവാക്കിയതോടെ പോലീസിന്റെയും നാട്ടുകാരുടെയും സംശയം ഇരട്ടിച്ചു. ദുരന്ത സ്ഥലത്ത് നിന്നും സത്താറിന്റെ നേതൃത്വത്തില്‍ സ്വര്‍ണവും പണവും സ്വന്തമാ​ക്കിയെന്ന രഹസ്യ സന്ദേഷം രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ വെങ്കിടേഷ് പ്രസന്നയ്ക്ക് ലഭിച്ചു. തുടര്‍ന്ന് സത്താറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്. സത്താറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും കണ്ടെടുത്തത്. സ്വര്‍ണം വീടിനോടടുത്തുള്ള കോഴിക്കൂട്ടിനകത്തു നിന്നാണ് കണ്ടെടുത്തത്.

WWW.KASARGODVARTHA.COM
Related Posts with Thumbnails