Apr 27, 2010

ഹര്‍ത്താലോ?

ഹര്‍ത്താലോ?
Monday, April 26, 2010
ഉമ്മന്‍ ചാണ്ടി (പ്രതിപക്ഷ നേതാവ്)

കേരളത്തിലെ ഹര്‍ത്താലുകളെക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന ഒരു കണക്കുണ്ട്. കഴിഞ്ഞ നാലേകാല്‍ വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ചെറുതും വലുതുമായ 295 ഹര്‍ത്താലുകളാണ് നടന്നത്. 18 എണ്ണം പ്രമുഖ രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന ഹര്‍ത്താലുകളാണ്. ഇടതുപക്ഷം^ എട്ട്, ബി.ജെ.പി^ എട്ട്, യു.ഡി.എഫ്^രണ്ട്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഇടതുപക്ഷം പ്രതിപക്ഷത്തിരുന്ന് നടത്തിയത് 22 ഹര്‍ത്താലുകള്‍. ഇപ്പോള്‍ പ്രതിപക്ഷത്തുള്ള യു.ഡി.എഫ് നടത്തിയത് രണ്ട് ഹര്‍ത്താലുകള്‍. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ഇടതുപക്ഷത്തിന്റെ പ്രധാന സമരായുധം ഹര്‍ത്താല്‍ തന്നെ.

സമീപകാലത്ത് ഏറ്റവുമധികം ദേശീയ^സംസ്ഥാന ഹര്‍ത്താലുകള്‍ നടന്നത് 2008ല്‍ ആണ്. 2006ല്‍ നാല്, 2007ല്‍ രണ്ട്, 2009ല്‍ രണ്ട്, 2010ല്‍ ഇതുവരെ രണ്ട് എന്നിങ്ങനെയാണ് മേജര്‍ഹര്‍ത്താലുകളുടെ എണ്ണം. 2008ല്‍ നടന്ന ഒന്‍പതു ഹര്‍ത്താലുകളില്‍ ബി.ജെ.പി^നാല്, എല്‍.ഡി.എഫ്^ നാല്, യു.ഡി.എഫ്^ ഒന്ന്. 2008 ജൂലൈയിലാണ് ഇടതുപക്ഷം യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഹര്‍ത്താലുകളുടെ പ്രളയമുണ്ടായത്.

കേന്ദ്രത്തിനെതിരെ ആ വര്‍ഷം സി.പി.എമ്മും ബി.ജെ.പിയും മാറിമാറി എട്ട് ഹര്‍ത്താലുകള്‍ നടത്തി. യു.പി.എ സര്‍ക്കാറിനെ അന്നുവരെ പുറത്തുനിന്നു പിന്തുണച്ചുകൊണ്ടിരുന്ന ഇടതുപക്ഷത്തിനു പിന്തുണ പിന്‍വലിച്ചുകഴിഞ്ഞപ്പോള്‍ മാത്രമാണ് കേന്ദ്രം മോശമാണെന്ന ബോധോദയം ഉണ്ടായത്. ഇരുകൂട്ടര്‍ക്കും ആസന്നമായ തെരഞ്ഞെടുപ്പ് മാത്രമായിരുന്നു ലക്ഷ്യം.
ഇടതുപക്ഷത്തിന്റെ ദേശീയഹര്‍ത്താല്‍ യഥാര്‍ഥത്തില്‍ കേരളത്തെ മാത്രമേ ബാധിക്കാറുള്ളൂ. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഹര്‍ത്താലിനെ പ്രാകൃതമായ സമരമുറ എന്നാണു വിശേഷിപ്പിച്ചത്. ഒരു ഹര്‍ത്താലിനും കൊല്‍ക്കത്തയെ നിശ്ചലമാക്കാന്‍ സാധിക്കില്ല. അവിടെ ജീവിതം ഹൂഗ്ലി നദിപോലെ ഒഴുകിക്കൊണ്ടിരിക്കും. പിന്നെ ത്രിപുര. ജനങ്ങളെ ബന്ദികളാക്കി അവരും സമരം ചെയ്യാറില്ല. കേരളത്തിന്റെ നെഞ്ചില്‍ ചവിട്ടുനിന്നുകൊണ്ടു മാത്രമേ സി.പി.എമ്മിനു ദേശീയതലത്തില്‍ ജനജീവിതം പാടേ സ്തംഭിപ്പിച്ചു എന്നു വിജയഭേരി മുഴക്കാന്‍ കഴിയൂ.
രാജ്യത്ത് ആദ്യമായി ബന്ദ് നിരോധിച്ച സംസ്ഥാനം കേരളമാണ്. 1997ലാണു ഹൈകോടതി നിര്‍ണായകമായ ഈ വിധി പ്രസ്താവിച്ചത്. അതു സുപ്രീംകോടതി ശരിവെച്ചു. 2004ല്‍ ഹര്‍ത്താല്‍ നിരോധിക്കാന്‍ കോടതി വിസമ്മതിച്ചു. അതിന്റെ മറവില്‍ ബന്ദിനെ ഹര്‍ത്താലാക്കി മാറ്റുകയാണ് എല്ലാവരും ചെയ്യുന്നത്. ജനജീവിതം സുഗമമാക്കാന്‍ കോടതി അന്ന് ഒമ്പതിന നിര്‍ദേശങ്ങള്‍ നല്‍കി. അവ നടപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്. പക്ഷേ, സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഹര്‍ത്താലുകള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ കോടതിനിര്‍ദേശങ്ങള്‍ കാറ്റില്‍ പറക്കുന്നു. പ്രതിഷേധിക്കാനുള്ള ആരുടെയും അവകാശത്തെ ആരും ചോദ്യം ചെയ്യുന്നില്ല. പ്രതിഷേധിക്കാന്‍ അവകാശമുള്ളതുപോലെ തന്നെ പ്രതിഷേധത്തില്‍ നിന്നു വിട്ടുനില്‍ക്കാനും അവകാശമുണ്ട്. അതാണു മാനിക്കപ്പെടേണ്ടത്. അതാണ് ലംഘിക്കപ്പെടുന്നത്.

കേരളം നിര്‍ണായകമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. പരമ്പരാഗത കാഴ്ചപ്പാടുകളും സമീപനങ്ങളും മാറേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച്, സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച്, സര്‍ക്കാര്‍ ജോലി നേടി, സര്‍ക്കാറിന്റെ പെന്‍ഷന്‍ പറ്റി കഴിയുന്ന ആ കാലംമാറി. നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമൊരുക്കി സംരംഭകരെ സ്വീകരിച്ച് അതിലൂടെ സമ്പത്തും തൊഴിലവസരങ്ങളും ഒരുക്കുന്ന കാലഘട്ടത്തിലാണു നാം. അതിന് ഉതകുന്ന സമീപനങ്ങളും പരിപാടികളുമാണ് എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
നമ്മുടെ രാജ്യത്തും മറ്റ് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികമാന്ദ്യം ലോകത്തെ പിടിച്ചുകുലുക്കിയിട്ടും ഇന്ത്യ കുലുങ്ങിയില്ല. ഐ.ടി മേഖലപോലും വീണ്ടും ഉഷാറായി. റിക്രൂട്ട്മെന്റുകള്‍ പുനരാരംഭിച്ചു. എല്ലാ മേഖലകളും വീണ്ടും വളര്‍ച്ചയുടെ പാതയിലാണ്. ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിച്ചത് കേരളത്തിനാണ്. ലക്ഷക്കണക്കിനു മലയാളിയുവാക്കള്‍ കേരളത്തിനു പുറത്തുപോയി തൊഴില്‍ കണ്ടെത്തി. പുതിയ സാമ്പത്തികക്രമത്തിന്റെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയാത്ത സംസ്ഥാനമാണു കേരളം. മറ്റു സംസ്ഥാനങ്ങള്‍ മല്‍സരിച്ചു നേട്ടം കൈവരിക്കുന്നു.

വിലക്കയറ്റത്തിനെതിരേയാണല്ലോ ഇത്തവണത്തെ ഹര്‍ത്താല്‍. കേരളത്തിലെ ജനങ്ങളെ പട്ടിണിയിലാക്കിയതു കേന്ദ്രമാണെന്നും ഇടതുപക്ഷം കുറ്റപ്പെടുത്തുന്നു. ഇതിനു കേന്ദ്രം മാത്രമാണോ ഉത്തരവാദികള്‍? മുന്‍വര്‍ഷം ഉണ്ടായ രൂക്ഷമായ വരള്‍ച്ച, ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ തുടങ്ങിയ നിരവധി കാരണങ്ങളാല്‍ വിലക്കയറ്റമുണ്ടായി എന്നത് വാസ്തവമാണ്. അതിനു കേന്ദ്രം അതിന്റേതായ രീതിയില്‍ പരിഹാരം തേടുകയും ചെയ്തു.
രണ്ടു രൂപക്ക് അരിയാണല്ലോ സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും വലിയ വിലക്കയറ്റവിരുദ്ധ നടപടി. സംസ്ഥാനത്തെ ഏറ്റവും പാവപ്പെട്ട അന്ത്യോദയ അന്നയോജനക്കാര്‍ക്ക് കേന്ദ്രം മൂന്നു രൂപക്കു നല്‍കുന്ന അരിയാണ് സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപ സബ്സിഡി നല്‍കി രണ്ടു രൂപക്കു നല്‍കുന്നത്. കേന്ദ്രം ഈ ഒരു കിലോ അരിക്ക് നല്‍കുന്ന സബ്സിഡി 18.15 രൂപ. ബി.പി.എല്ലുകാര്‍ക്ക് 5.85 രൂപയ്ക്കാണു കേന്ദ്രം അരി നല്‍കുന്നത്. അതിനു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി 3.85 രൂപ. കേന്ദ്രം ഒരു കിലോക്ക് നല്‍കുന്നത് 15.49 രൂപ. എ.പി.എല്ലിനു 8.30 രൂപക്ക് ഇവിടെ അരിവിതരണം ചെയ്യുന്നത് കേന്ദ്രം കിലോക്ക് 12.84 രൂപ വീതം സബ്സിഡി നല്‍കുന്നതുകൊണ്ടു മാത്രമാണ്. ഇത് കേന്ദ്രത്തിന്റെ ബാധ്യതതന്നെ. അതേ ബാധ്യതയും പ്രതിബദ്ധതയും സംസ്ഥാന സര്‍ക്കാറിനുമില്ലേ?
സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന പ്രതിബദ്ധത അളക്കാന്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി മാത്രം പരിശോധിച്ചാല്‍ മതി. അതിന്റെ നടത്തിപ്പില്‍ ഏറ്റവും പിന്നിലാണ് കേരളം. നൂറു ദിവസം തൊഴില്‍ നല്‍കേണ്ടതിനു പകരം 2008^09ല്‍ നല്‍കിയത് വെറും 22 ദിവസം. അടുത്ത വര്‍ഷം 31 ദിവസവും. ആയിരം കോടി വരെ ചെലവഴിക്കാമായിരുന്നിട്ടും 2008^09ല്‍ ചെലവഴിച്ചത് വെറും 277 കോടി. അടുത്ത വര്‍ഷം 450 കോടി. പദ്ധതി നടത്തിപ്പില്‍ 27ാം സ്ഥാനത്താണു കേരളം.
സംസ്ഥാനത്ത് 22 കേന്ദ്രപദ്ധതികളാണു നടപ്പാക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് അമ്പതിനായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം വന്നു. കേന്ദ്രബജറ്റില്‍ കേരളത്തിനു കൈനിറയെ തന്നു. എന്നിട്ടും എന്തിനാണ് ഹര്‍ത്താല്‍പോലുള്ള മാരകായുധമെടുത്ത് കേന്ദ്രത്തിനെതിരെ ചുഴറ്റുന്നത്?

Malayala Manorama, Mathrubhumi, Madhyamam, Chandrika 26/04/2010

No comments:

Related Posts with Thumbnails