Apr 8, 2010

കേരയാന്‍

കേരയാന്‍

'മുകുന്ദന്‍ സാര്‍, അക്കൌണ്ട്സ് ഓഫിസില്‍നിന്ന് ഒണ്‍ മിസ്റ്റര്‍ കൃഷ്ണന്‍കുട്ടി വിളിച്ചിരുന്നു.
സാറിന് 21ാം തീയതിയാണ് ഡേറ്റ് തന്നിരിക്കുന്നത് എന്നു പറയാന്‍ പറഞ്ഞു.'
'അയ്യോ. അന്ന് ഓഡിറ്റ് വെച്ചിരിക്കുന്ന ദിവസമല്ലേ? എങ്ങനെ ലീവെടുക്കാന്‍'?'ആരാ സാര്‍? എന്താ കാര്യം?'
'തേങ്ങാവെട്ടുകാരനാ ^കൃഷ്ണന്‍കുട്ടി.'
'അക്കൌണ്ട്സ് ഓഫിസില്‍നിന്നാണെന്നു പറഞ്ഞു.'
'അതെ. അയാള്‍ക്ക് അവിടെ എന്തോ ജോലിയുണ്ട്.'
മുകുന്ദന്‍ ഡയറിയില്‍നിന്ന് ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് കൃഷ്ണന്‍കുട്ടിയെ വിളിച്ചു.
'ങാ, മുകുന്ദന്‍ സാറാണോ. സാറിപ്പം വിളിച്ചതു ഭാഗ്യമായി. അഞ്ചു മിനിറ്റു കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കലക്ടറാപ്പീസിലെ പീറ്റര്‍ സാറിന് ആ ഡേറ്റ് കൊടുക്കുമായിരുന്നു.'
'കൃഷ്ണന്‍കുട്ടി, 21ന് എനിക്ക് ലീവ് കിട്ടാന്‍ ബുദ്ധിമുട്ടാണ്.'
'എന്നു പറഞ്ഞാലെങ്ങനാ സാറേ, അടുത്തൊന്നും വേറെ ഡേറ്റ് ഒഴിവില്ല. ലീവിന്റെ കാര്യം പറഞ്ഞാല്‍ ഞാനും ലീവെടുത്തു തന്നാ വരുന്നത്.'
'ഞായറാഴ്ചയോ?'
'അറിഞ്ഞില്ലേ? അന്നാണ് ഞങ്ങളുടെ യൂനിയന്റെ സംസ്ഥാന സമ്മേളനം. കൂപ്പണുമായി സാറിനെ കാണാന്‍ വരുന്നുണ്ട്.'
'എന്നാല്‍ മാറ്റേണ്ട. 21ാം തീയതി തന്നെയാകട്ടെ. ഞാന്‍ എങ്ങനെയും ലീവെടുക്കാം.'
'പിന്നെ, പുതിയ റേറ്റുവിവരമൊക്കെ അറിഞ്ഞല്ലോ. ഒരു തെങ്ങിന് 25 രൂപ.'
'അത് കൂടുതലല്ലേ?'
'കഴിഞ്ഞയാഴ്ച സ്റ്റഡി ക്ലാസുണ്ടായിരുന്നു. എല്ലാ മേഖലയിലും വിലക്കയറ്റമല്ലേ? ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ എതിരിട്ടുകൊണ്ട് മുകളിലേക്ക് കയറുന്നതിന്റെ റിസ്ക് വേറെ. എല്ലാം കണക്കിലെടുക്കുമ്പോള്‍ ഈ റേറ്റ് കൂടുതലല്ല. ഞങ്ങള്‍ക്കും പിടിച്ചുനില്‍ക്കേണ്ട?'
'സമ്മതിച്ചു. വന്നാ മതി.'
ഓഫിസറെ തേങ്ങയിടലിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്താന്‍ വളരെ പാടുപെട്ടു.
ഒടുവില്‍ ഓഡിറ്റ് ഫയലുകള്‍ തലേന്നാള്‍തന്നെ റെഡിയാക്കാമെന്ന ഉറപ്പിന്മേല്‍ ലീവ് കിട്ടി.
മഹത്തായ നാളികേര വിളവെടുപ്പ് കഴിഞ്ഞ് ഓഫിസിലെത്തിയ മുകുന്ദനോട് സഹപ്രവര്‍ത്തകന്‍:
'ഇനി കുറച്ചുദിവസത്തേക്ക് മുകുന്ദന്‍ വലിയ തേങ്ങാമുതലാളിയായിരിക്കും!'
'ഇരുപതു തെങ്ങില്‍നിന്ന് 450 രൂപയുടെ തേങ്ങ കിട്ടി. കൂലി 500 രൂപ.'
'പിന്നെന്തിനാ തേങ്ങയിടുന്നത്?'
'ഉണങ്ങി തലയില്‍ വീണാല്‍ ഇതിനേക്കാള്‍ ചെലവല്ലേ?'
'തറയില്‍നിന്ന് തേങ്ങയിടാവുന്ന ഉപകരണം കണ്ടുപിടിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയല്ലേ?'
'ബഹു. മന്ത്രിജീ, ഭൂമിയില്‍നിന്ന് ചാന്ദ്രയാനിലെത്തിയ ഐ.എസ്.ആര്‍.ഒയോട് പറഞ്ഞിട്ടായാലും ഉടമസ്ഥന് ഭൂമിയില്‍നിന്ന് തേങ്ങയിടാന്‍ ഒരു പദ്ധതി കണ്ടെത്തിയേ തീരൂ. അല്ലെങ്കില്‍ നമ്മുടെ കല്‍പവൃക്ഷത്തിന്റെ കടയ്ക്കല്‍ നാം തന്നെ കത്തിവെക്കേണ്ടിവരും. തേങ്ങയാണെ സത്യം.'


വി. സുരേശന്‍, തിരുവനന്തപുരം
Wednesday, April 7, 2010
MADHYAMAM

No comments:

Related Posts with Thumbnails