Dec 22, 2012

മഅ്ദനിക്കു വേണ്ടത് മാനുഷിക നീതി


വിചാരണയില്ലാതെ ദീര്‍ഘകാലം തടവില്‍ കഴിയേണ്ടിവരികയും മതിയായ ചികില്‍സ പോലും ലഭിക്കാതെ ആരോഗ്യം അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അബ്ദുന്നാസര്‍ മഅ്ദനി, നിലവിലുള്ള വ്യവസ്ഥകളില്‍ തന്നെ വീണ്ടുവിചാരം ആവശ്യപ്പെടുന്ന ഒരു മനുഷ്യാവകാശ പ്രശ്‌നമായിരിക്കുന്നു.
മഅ്ദനി ഉയര്‍ത്തിപ്പിടിച്ച ആശയത്തോട് ഒരു കാലവും മുസ്‌ലിംലീഗ് യോജിച്ചിട്ടില്ല. പക്ഷേ, രാഷ്ട്രനീതിയുടെ വിശാല തത്വങ്ങളുള്‍ക്കൊള്ളുന്ന മഹത്തായ ഭരണഘടനയുള്ള രാജ്യത്ത്, ഒരു പൗരന്‍ ഈവിധം മാനുഷിക നീതി നിഷേധിക്കപ്പെട്ട് യാതനയനുഭവിച്ചുകൂടാ എന്നതില്‍ മുസ്‌ലിംലീഗിന് നിര്‍ബന്ധമുണ്ട്. നീതി വിവേചനരഹിതമാണ്.
രാഷ്ട്രീയ പക്ഷപാതിത്വമില്ലാത്തതാണ്. സാമുദായിക വേര്‍തിരിവുകളില്ലാത്തതാണ്. പക്ഷേ, നീതി നിഷേധിക്കപ്പെടുമ്പോള്‍ അതിന് മറ്റൊരു മുഖം വന്നു ചേരുന്നു. നീതി വൈകുന്നത് നിഷേധം മാത്രമല്ല അനീതിയുമാകുന്നു. ഒരു ബഹുമത സമൂഹത്തില്‍ അകല്‍ച്ചയും പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്നത് കൊണ്ടാണ് മഅ്ദനിയുടെ രാഷ്ട്രീയ നിലപാടുകളെ മുസ്‌ലിംലീഗ് എതിര്‍ത്തത്. കാര്യങ്ങള്‍ അതി തീവ്രമായി അവതരിപ്പിക്കുമ്പോള്‍ പ്രശ്‌നപരിഹാരമല്ല; പ്രകോപനമാണുണ്ടാകുന്നത്.
ഒരു ജനാധിപത്യരാജ്യത്ത് അവകാശങ്ങള്‍ നേടാനും സംരക്ഷിക്കാനും പരസ്പരാശ്രിതത്വം അനിവാര്യമാണ്. സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ മുസ്‌ലിംലീഗ് കഠിന പ്രയത്‌നത്തിലൂടെ വളര്‍ത്തിയെടുത്ത സാമുദായിക സൗഹൃദാന്തരീക്ഷം ഇവിടെയുണ്ട്. പ്രകോപനപരമായ പ്രവൃത്തികള്‍ കൊണ്ട് അത് തകര്‍ക്കപ്പെട്ടാല്‍ പിന്നീട് പുനര്‍നിര്‍മ്മാണം ഏറെ ശ്രമകരമാണ്. ഇതു തിരിച്ചറിഞ്ഞാണ് എല്ലാ തീവ്ര നിലപാടുകളെയും മുസ്‌ലിംലീഗ് ശക്തിയുക്തം എതിര്‍ത്തത്.
അങ്ങേയറ്റം മനോവേദനയും ആത്മസംഘര്‍ഷവും ഉളവാക്കുന്ന വിഷയങ്ങളായാലും ആത്മസംയമനം പാലിക്കുക എന്ന നിലപാടെടുത്തത് രാജ്യത്തിന്റെയും സമുദായത്തിന്റെയും നന്മയെ കരുതിയാണ്. അത് ഉത്തരവാദിത്തത്തിന്റെ രാഷ്ട്രീയമാണ്. ജനങ്ങളെ തെരുവിലിറക്കുക എളുപ്പമാണ്. പക്ഷേ അതിന്റെ നഷ്ടം ഏറ്റെടുക്കേണ്ടിവരിക സമുദായം ഒന്നടങ്കമാണ്. ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ട അത്യന്തം ദു:ഖകരവും പ്രക്ഷുബ്ധവുമായ ഘട്ടത്തില്‍പോലും സംഘര്‍ഷം വ്യാപിക്കരുത് എന്ന ഉറച്ച നിലപാടുമായി മുസ്‌ലിംലീഗ് മുന്നോട്ടുപോയത് ഇക്കാരണത്താലാണ്. ആ സമീപനം പെട്ടെന്നുള്‍ക്കൊള്ളാന്‍ അന്ന് പലര്‍ക്കും കഴിഞ്ഞില്ല.
ഈ സമയത്തും സമാധാനമോ എന്ന ചോദ്യമുയര്‍ന്നു. അത് കേവല വൈകാരികതയുടെ ചോദ്യം മാത്രമായിരുന്നില്ല. താങ്ങാനാവാത്ത ഹൃദയവേദനയുടെയും ആത്മരോഷത്തിന്റെയും ഒറ്റപ്പെടലിന്റെയുമെല്ലാം ചിന്തകള്‍ കലര്‍ന്നതായിരുന്നു. പക്ഷേ, സമാധാനത്തിന് പകരം സായുധമായ പ്രതികരണമായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? നിയമ വ്യവസ്ഥയുള്ള രാജ്യത്ത് തീവ്ര നിലപാടുകള്‍ എന്ത് പ്രശ്‌ന പരിഹാരമാണ് സാധ്യമാക്കുന്നത്?
കേവലം സമാധാന പ്രസംഗം നിര്‍വഹിച്ച് അടങ്ങിയിരിക്കുകയല്ല ബാബ്‌രി മസ്ജിദ് വിഷയത്തില്‍ മുസ്‌ലിംലീഗ് ചെയ്തത്. നിയമപരമായ മാര്‍ഗം അവലംബിച്ചു. തകര്‍ക്കപ്പെട്ട മണ്ണില്‍ ബാബ്‌രി മസ്ജിദ് പുനര്‍ നിര്‍മ്മിക്കണം എന്ന് നിയമസഭയില്‍ ഏകകണ്ഠമായ പ്രമേയം കൊണ്ടുവരുന്നതിലേക്ക് കേരളത്തിന്റെ പൊതുമനസ്സിനെ എത്തിക്കാന്‍ മുസ്‌ലിംലീഗിന് സാധിച്ചു.
സംസ്ഥാനത്ത് വര്‍ഗീയ ശക്തികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് അതിന്റെ ഫലങ്ങളിലൊന്നായിരുന്നു. ഭൂരിപക്ഷ പ്രതിനിധാനം പറഞ്ഞ് ഭരണം കയ്യാളാന്‍ ശ്രമിക്കുന്ന സംഘ്പരിവാര ശക്തികളെ പ്രതിരോധിക്കാന്‍ രാജ്യത്തെ മതേതര, ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നത് സമുദായങ്ങള്‍ തമ്മിലെ സമാധാനപരമായ സഹവര്‍ത്തിത്വത്തിലൂടെയാണ്. അതുകൊണ്ടാണ് ബി.ജെ.പി.യുടെ ശക്തി നിശ്ചിത പോക്കറ്റുകളിലൊതുങ്ങിയത്.
ഗുജറാത്ത് പോലെ തീവ്രഹിന്ദു നിലപാടെടുത്ത ചില നേതാക്കന്മാരുടെ സ്വാധീന കേന്ദ്രങ്ങളില്‍ മാത്രമേ ബി.ജെ.പി.ക്ക് അധികാരം കയ്യാളാന്‍ കഴിയുന്നുള്ളൂ. കേന്ദ്രത്തില്‍ ഒരു തിരിച്ചുവരവിന് സാധ്യമാകാത്തവിധം ബി.ജെ.പി. ആശയക്കുഴപ്പത്തിലും ദൗര്‍ബല്യത്തിലും മുങ്ങിനില്‍ക്കുന്നു. ഈ അവസ്ഥയിലേക്ക് ബി.ജെ.പി.യെ കൊണ്ടെത്തിച്ചത് അവരുടെ തീവ്ര വര്‍ഗീയ നിലപാടുകളും ഒപ്പം മതേതര ശക്തികളുടെ കൂട്ടായ്മകളുമാണ്. വര്‍ഗീയശക്തികളെപോലെ ന്യൂനപക്ഷങ്ങളും സായുധ മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ സംഘ്പരിവാര്‍ ആഗ്രഹിക്കുന്നത് നടക്കുമായിരുന്നു.
അത് സംഭവിക്കാതിരിക്കാനാണ് സംയമനത്തിന്റെ രാഷ്ട്രീയം മുസ്‌ലിംലീഗ് ഉയര്‍ത്തിക്കാട്ടിയത്. മുസ്‌ലിംലീഗിന്റെ നയം പൊതു സമൂഹം അംഗീകരിച്ചതും പരക്കെ പ്രശംസിക്കപ്പെട്ടതും ദീര്‍ഘ വീക്ഷണപരമായ ആ സമീപനം കൊണ്ടാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നും മുസ്‌ലിംലീഗ് നേടിയ വിജയങ്ങള്‍ ഇത് ശരിവെക്കുന്നു. 2004, 2006 തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്കിടയില്‍ തല്‍പര കക്ഷികള്‍ വിതച്ച ആശയക്കുഴപ്പത്തിന്റെയും തെറ്റിദ്ധാരണകളുടേയും ഫലമായി മുസ്‌ലിംലീഗിനും യു.ഡി.എഫിനുമുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ വേണം ശക്തമായ ഈ തിരിച്ചുവരവിനെ വിലയിരുത്താന്‍. സമുദായവും ബഹുമത സമൂഹവും യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ട് മുസ്‌ലിംലീഗിനൊപ്പം നിന്നു.
മുസ്‌ലിംലീഗാവട്ടെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി നയവ്യതിയാനം വരുത്തുകയോ ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കുകയോ ചെയ്യാതെ നിലപാടില്‍ ഉറച്ചുനിന്നു. തീവ്ര നിലപാടുകളോട് ഒത്തുതീര്‍പ്പില്ലാതെ മതേതരത്വത്തിനും മതസൗഹാര്‍ദ്ദത്തിനും വേണ്ടി നിലകൊണ്ടതിന്റെ ഫലം ആദ്യമൊക്കെ കയ്പായാലും പിന്നീട് ഗുണപരമാകുമെന്ന് ഇത് തെളിയിക്കുന്നു. ആ ഉറച്ച നിലപാടുകള്‍കൊണ്ട് നാടിനും സമുദായത്തിനും ഉണ്ടായ നേട്ടങ്ങള്‍ വിസ്മരിക്കാനാവില്ല.
വിശ്വാസത്തിനും ആരാധനക്കും തടസ്സമില്ലാതെ ദേവാലയങ്ങള്‍ക്കും മതപാഠശാലകള്‍ക്കും പോറലേല്‍ക്കാതെ വിശ്വാസി സമൂഹം സുരക്ഷിതരായി.

ആരാധനാലയങ്ങള്‍ പരസ്പരം ആദരിക്കപ്പെട്ടു. ന്യൂനപക്ഷാവകാശങ്ങള്‍ ആക്ഷേപലേശമെന്യെ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമായി തുടങ്ങി. ഒറ്റപ്പെട്ട ചില സന്തുലിത വാദങ്ങളുയര്‍ന്നെങ്കിലും മതേതര സമൂഹം അവയെല്ലാം അവഗണിച്ചു തള്ളി. കേരളത്തിന്റെ മതേതര മനസ്സ് ഉന്നതമായ പക്വത പ്രകടമാക്കി. രാഷ്ട്ര പുനര്‍ നിര്‍മാണത്തിലും അധികാര നിര്‍വഹണത്തിലും ജനസേവനത്തിലും മതമൈത്രി സ്ഥാപിക്കുന്നതിലും വര്‍ഗീയ, തീവ്രവാദ ശക്തികളെ പ്രതിരോധിക്കുന്നതിലും ന്യൂനപക്ഷങ്ങള്‍ വഹിച്ച നേതൃത്വപരമായ പങ്കാണ് ഈ സാഹചര്യമൊരുക്കിയത്. ഇതാണ് മുസ്‌ലിംലീഗ് നിറവേറ്റിയ ഒരു ദൗത്യം.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ഏറ്റവും പുരോഗതി പ്രാപിച്ച സമൂഹമായി മലയാളികള്‍ മാറി. രാജ്യത്തെ ന്യൂനപക്ഷ ജനതയില്‍ ആസൂത്രിതമായ ക്ഷേമ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ ശ്രദ്ധയും കൊണ്ട് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞത് കേരള മുസ്‌ലിംകള്‍ക്കാണ്. ചരിത്രത്തിന്റെ പ്രതാപമുള്ള ബംഗാള്‍ മുസ്‌ലിംകളുടെ ഇന്നത്തെ ജീവിത ചിത്രം പരിശോധനാ വിധേയമാക്കിയാലറിയാം ഈ വ്യത്യാസം.
സി.പി.എം കൊണ്ടുവന്ന ബംഗാള്‍ മോഡലിന്റെ ദുരന്തമുഖമാണ് അവിടത്തെ ന്യൂനപക്ഷങ്ങള്‍. കേരളത്തിലെ കൂലിവേലക്കാരില്‍ ബഹുഭൂരിഭാഗവും പഴയ കമ്യൂണിസ്റ്റ് സ്വര്‍ഗത്തില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് കൃഷിയും തൊഴിലുമില്ല. വിദ്യാഭ്യാസവും ഉദ്യോഗവുമില്ല. വീടും വസ്ത്രവുമില്ല. ജീവിതം തന്നെയില്ല. 32 വര്‍ഷത്തെ സി.പി.എം ഭരണം അവരെയെത്തിച്ച പുരോഗമനത്തിന്റെ സമത്വ സുന്ദരലോകം ബംഗാളില്‍ ചെന്നാല്‍ കാണാം. മുസ്‌ലിംലീഗ് ആവിഷ്‌കരിച്ച കേരള മോഡലുമായി ഈ ബംഗാള്‍ മോഡലിനെ താരതമ്യം ചെയ്യണം.
ഖാഇദേമില്ലത്ത് കാണിച്ചു തന്ന അഭിമാനകരമായ അസ്തിത്വം എന്ന രാഷ്ട്രീയ മാര്‍ഗത്തിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങളെ മുസ്‌ലിംലീഗ് കൈപിടിച്ചു നടത്തിയത് എത്രമാത്രം പ്രതീക്ഷാനിര്‍ഭരവും അഭിമാനപൂര്‍ണവുമായ നേട്ടങ്ങളിലേക്കാണെന്ന് പരിശോധിക്കുന്നത് നല്ലതാണ്. മുസ്‌ലിംലീഗിനു പകരമാണെന്ന് പറഞ്ഞ് സംഘടനകളുണ്ടാക്കാന്‍ നടക്കുന്നവര്‍ ഈ ബംഗാള്‍ പാഠം ഓര്‍മിക്കണം. ചെങ്കൊടിക്കു കീഴില്‍ അഭയമന്വേഷിച്ചവര്‍ക്ക് കിട്ടിയ പ്രതിഫലം എന്താണെന്ന്. വൈകാരിക മുദ്രാവാക്യങ്ങള്‍ക്ക് അല്പായുസ്സേയുള്ളൂവെന്ന് കാലം തെളിയിച്ചതാണ്. സംയമനത്തിന്റെ പാതയാണ് നിലനില്പിന്റേത്.
ക്ഷമയും സഹനവുമാണ് വിശ്വാസിയുടെ ബലമായി എണ്ണപ്പെടുന്നത്. കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ നയസമീപനങ്ങളും ഓരോ സാഹചര്യത്തിലും വിലയിരുത്തപ്പെടേണ്ടതുണ്ട്. ആ നിലയില്‍ അബ്ദുന്നാസര്‍ മഅ്ദനി മുന്നോട്ടുവെച്ച ആശയങ്ങളുമായി ഒരു കാരണത്താലും മുസ്‌ലിംലീഗിന് പൊരുത്തപ്പെടാനാവില്ല.
പക്ഷേ, മഅ്ദനിയുടെ രാഷ്ട്രീയവും സമീപനവും എന്തു തന്നെയാവട്ടെ അദ്ദേഹത്തിന് മാനുഷികനീതി ലഭ്യമാക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടേണ്ട സന്ദര്‍ഭമാണിത്. വിചാരണ കൂടാതെ ഒരാളെ തടവില്‍ വെക്കുകയും ആശങ്ക നിറഞ്ഞ ആരോഗ്യസ്ഥിതിയിലും ആവശ്യമായ ചികിത്സ നല്‍കാതിരിക്കുകയും ചെയ്യുന്നത് കടുത്ത അനീതിയാണ്. ഒരു പൗരനും ഇങ്ങനെയൊരനുഭവമുണ്ടാവരുത്.

പൗരന് മാനുഷിക നീതി നിഷേധിക്കുന്ന നടപടികള്‍ ആരുടെ ഭാഗത്തുനിന്നായാലും അഭിലഷണീയമല്ല. വിചാരണ കൂടാതെ ഒരാളെ ദീര്‍ഘനാള്‍ തടവില്‍ വെക്കുന്നത് പൗരാവകാശ ലംഘനമാണ്. മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി പ്രമേയം ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. അബ്ദുന്നാസര്‍ മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്ന് മുസ്‌ലിംലീഗ് ശക്തമായി ആവശ്യപ്പെടുകയാണ്. പാര്‍ട്ടി ഇത് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെയും കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരികയും മറ്റു തുടര്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്.
ആര് ഭരിക്കുന്നു എന്ന് നോക്കിയല്ല നീതി നിഷേധത്തിനെതിരായ മുസ്‌ലിംലീഗ് നിലപാട്. മഹാരാഷ്ട്രയിലുള്‍പ്പെടെ നിരപരാധികള്‍ തടവിലാക്കപ്പെടുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ സമിതി പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അബ്ദുന്നാസര്‍ മഅ്ദനിക്ക് നീതി ലഭിക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളിലും മുസ്‌ലിംലീഗ് ഉണ്ടാകും. കര്‍ണാടകയിലെ ബി.ജെ.പി. സര്‍ക്കാറിന്റെ മുന്‍വിധി നിറഞ്ഞ സമീപനമാണ് മഅ്ദനിക്ക് നീതി ലഭിക്കുന്നതിന് തടസ്സമായിത്തീരുന്നത്. അബ്ദുന്നാസര്‍ മഅ്ദനിയുടെ ആശയങ്ങളോട് വിയോജിച്ചുകൊണ്ടുതന്നെ അദ്ദേഹത്തിന് നീതി ലഭ്യമാക്കാന്‍ മുസ്‌ലിംലീഗ് മുന്നിലുണ്ടാകും. ഇക്കാര്യത്തില്‍ മുസ്‌ലിംലീഗ് നയം സുതാര്യമാണ്.
സി.പി.എമ്മിനെ പോലെ ഇരട്ടത്താപ്പിന്റെ രാഷ്ട്രീയമല്ല മുസ്‌ലിംലീഗിന്റേത്. രണ്ട് തവണയും അന്യ സംസ്ഥാന പൊലീസിന് മഅ്ദനിയെ പിടിച്ചു കൊടുത്തത് സി.പി.എം. സര്‍ക്കാറാണ്. അതിന് ശേഷം മഅ്ദനിയുടെ തടവറക്കഥകള്‍ പ്രചരിപ്പിച്ച് മുതലെടുപ്പ് നടത്തുന്നതും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്നെ. സി.പി.എമ്മിനെ വിശ്വസിച്ച് ഇറങ്ങിപ്പുറപ്പെടുന്നവര്‍ ഈ ദ്വിമുഖ സമീപനത്തിലെ ചതിക്കുഴികള്‍ തിരിച്ചറിയണം.

No comments:

Related Posts with Thumbnails