Feb 16, 2011

വിവാഹ മാമാങ്കം: ചില ചിതറിയ ചിന്തകള്‍

വിവാഹങ്ങളുടെ സീസണ്‍ തുടങ്ങി. നാട്ടിലുടനീളമുള്ള കല്യാണ മണ്ഡപ/ഹാളുകളിലും ക്ഷേത്രങ്ങളിലുമായി നവദമ്പതികളുടെ പട്ടിക നീളുന്നു. ഈ പുതിയാപ്ലമാര്‍ക്കും പിയോട്ടികള്‍ക്കും ശോഭനമായ ജീവിതം ആശംസിച്ചുകൊണ്ട് സ്വല്‍പം ചിതറിയ ചിന്തകള്‍:
സ്ത്രീധനം വാങ്ങുന്നത് നിയമപരമായും ധാര്‍മികമായും തെറ്റാണെന്ന് മിക്കവര്‍ക്കും അറിയാം. എന്നിട്ടും ആ നിയമലംഘനം അനുദിനം വര്‍ധിക്കുകയാണ്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പണവും പൊന്നും നല്‍കി കല്യാണച്ചെക്കന്മാരെ വാങ്ങുന്നു. ഇങ്ങനെ വില്‍പനച്ചരക്കാവുന്നതില്‍ അഭ്യസ്തവിദ്യരും നല്ല വരുമാനമുള്ളവരുമായ യുവാക്കള്‍ക്കുപോലും നാണമില്ല.
അധ്വാനിക്കുന്ന ജനവിഭാഗത്തില്‍ പെട്ട, സാമ്പത്തികമായി ഒരു പാങ്ങുമില്ലാത്തവര്‍ക്കും തരക്കേടില്ലാത്ത സ്ത്രീധനവും ആഭരണങ്ങളും വാഗ്ദാനം ചെയ്ത് തങ്ങളുടെ പെണ്‍കിടാങ്ങള്‍ക്ക് കല്യാണമുറപ്പിക്കാന്‍ മനഃപ്രയാസമില്ല. പ്രവാസികളില്‍നിന്നും മറ്റും വ്യാപകമായ പിരിവ് നടത്തി അതൊരു ലാഭക്കച്ചവടമാക്കാനുള്ള 'പുത്തിശാലി'കള്‍ ഇക്കാലത്ത് ധാരാളം.
ഇത്രയുമെഴുതിയപ്പോള്‍, തവനൂരിലെ (മലപ്പുറം ജില്ല) ജൈവകര്‍ഷകനും പൊതുപ്രവര്‍ത്തകനുമായ കെ.വി.കെ. കാദര്‍ എന്ന കവിയുടെ 'നൂറും നൂറും' എന്ന ഓട്ടന്‍തുള്ളല്‍ ചുണ്ടില്‍:

'അഞ്ജന നിറമുള്ളാണുങ്ങള്‍ക്കും
അമ്പിളി പോലൊരു പെണ്ണിനെ വേണം
ലക്ഷംവീട്ടില്‍ പാര്‍ക്കുന്നോര്‍ക്കും
ലക്ഷം നൂറും റൊക്കം വേണം

പെട്ടെന്നുള്ളൊരു കാര്യം വേണം
ചെക്കന് വേഗം ഗള്‍ഫില്‍ പോണം
അഞ്ജന നിറവും വാനര മുഖവും
ഗൗളിത്തടിയും നല്ലൊരു ചെക്കന്‍
കെട്ടിയ പെണ്ണിനെ കൂട്ടിപ്പോകാന്‍
വിസയായിട്ടാണവനുടെ വരവ്
ബ്രോക്കര്‍മാരുടെ വര്‍ണന കേള്‍ക്കെ
പോക്കര്‍ക്കായുടെ മകളും പെട്ടു.

മംഗല്യത്തിന് പണവും വാങ്ങി
പണ്ടം വിറ്റൊരു ബൈക്കും വാങ്ങി
ഒരുമിച്ചിരുവരും കുറെ നാളങ്ങനെ
പട്ടണമൊക്കെ ചുറ്റിനടന്നു.
പെട്ടെന്നൊരു നാള്‍ ബൈക്കും വിറ്റു
ചെക്കന്‍ ചാടി- കണ്ടവരില്ല.

നൂറും നൂറും ചെക്കനും പോയി
കെണിയില്‍ പെട്ടത് പോക്കര്‍ക്കായും
കൊല്ലം പോയത് അറിഞ്ഞതുമില്ല
മകളും കുട്ടിയും വീട്ടിലുമായി

ചെലവിന് കിട്ടാന്‍ പലവഴി നോക്കി
കോടതി പലതും കയറി മടുത്തു
ഈവക കാര്യങ്ങള്‍ ചിന്തിക്കാതെ
വേളിക്കാരും ഒരുങ്ങീടല്ലെ
!

ഇക്കാലത്തെ സ്ത്രീധന സമ്പ്രദായത്തിന് പുരുഷധനം എന്ന പേരാണ് കൂടുതല്‍ സത്യസന്ധമായിരിക്കുക. കല്യാണ ആലോചനയുടെ അവിഭാജ്യ ഘടകമായി സ്ത്രീധനത്തെയും ആഭരണങ്ങളെയും കരുതുന്നവരുമായി ബന്ധപ്പെടുന്നത് നാണക്കേടായി നമ്മുടെ യുവതലമുറയും അവരുടെ രക്ഷിതാക്കളും കരുതുന്ന കാലഘട്ടം പിറന്നാലേ നമ്മുടെ നാടും സമൂഹവും പുരോഗതിയുടെ പാതയിലാണെന്ന് ആത്മാര്‍ഥമായി അഭിമാനിക്കാന്‍ കഴിയുകയുള്ളൂ.
ആത്മപ്രശംസ എന്നു തെറ്റായി ധരിക്കാനിടയുള്ള ഒരു വസ്തുത: ഇതെഴുതുന്നവന്റെ ഉപ്പ(സ്വാതന്ത്ര്യസമര സേനാനി ഇ. മൊയ്തു മൗലവി)യും ഞാനും എന്റെ ആണ്‍മക്കളും എന്റെ മൂത്ത മകളുടെ ഭര്‍ത്താവും സ്ത്രീധനം വാങ്ങാതെയാണ് വിവാഹിതരായത്.
പെണ്‍കുട്ടികള്‍ക്ക് വരന്മാര്‍ ധനം (മഹ്ര്‍) നല്‍കണമെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. അതിന്റെ 'സത്ത'യെ അവഗണിച്ചുകൊണ്ട് പെണ്‍വീട്ടുകാരില്‍നിന്ന് കഴിയുന്നത്ര പിടുങ്ങുന്നത് ആണത്തമായി കരുതുന്ന നിരവധി പേര്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ട് എന്നത് ലജ്ജാകരമായ അവസ്ഥയാണ്.
തങ്ങളുടെ പെണ്‍കുട്ടിയോടുള്ള സ്‌നേഹവാത്സല്യത്തിന്റെ പ്രകടനമായി- വരന്റെ പക്ഷത്തുനിന്ന് ആവശ്യപ്പെടാതെ- ധനവും മറ്റും നല്‍കുന്നതും ഇന്ന് വ്യാപകമായിട്ടുള്ള സ്ത്രീധന (യഥാര്‍ഥത്തില്‍ പുരുഷധനം) സമ്പ്രദായവും ഒരേ ജനുസ്സില്‍ പെട്ടതല്ല.
പിന്‍കുറി: കല്യാണ മാമാങ്കത്തെപ്പറ്റിയും മറ്റും മറ്റൊരവസത്തില്‍. M. Rasheed Madhyamam 02/15/2011

1 comment:

ദേവന്‍ said...

കാലങ്ങളായുള്ള ഈ ശീലം ഇന്നി അങ്ങ് മാറുമെന്നു തോന്നുനില്ല, എന്തായാലും തുള്ളല്‍ പാട്ട് കൊള്ളാം

Related Posts with Thumbnails