May 2, 2010

ഗൂഗിളില്‍ വീണ്ടും ആട് !!

ഗൂഗിള്‍ ആസ്ഥാനത്ത് വീണ്ടും ആടുകളെത്തി. കാലിഫോര്‍ണിയയില്‍ ഗൂഗിളിന്റെ മൗണ്ടെന്‍ വ്യൂ ആസ്ഥാനം സ്ഥിതിചെയ്യുന്ന കോംപൗണ്ട് 'വൃത്തിയാക്കാനാ'ണ് ഇത്തവണയും ആടുകളെ കൊണ്ടുവന്നത്!



ഗൂഗിള്‍ ആസ്ഥാനത്തിന് സമീപം പുല്ലുംകാടും പിടിച്ച ഒഴിഞ്ഞ സ്ഥലമുണ്ട്. വേനലില്‍ തീപ്പിടിത്തം ഒഴിവാക്കാന്‍ പുല്ലരിഞ്ഞ് കളയുകയാണ് പതിവ്. അതിന് പുല്ലരിയല്‍ യന്ത്രം വാടകയ്‌ക്കെടുക്കുകയായിരുന്നു കഴിഞ്ഞ വര്‍ഷം വരെ ചെയ്തിരുന്നത്. കഴിഞ്ഞ തവണ ഗൂഗിള്‍ പക്ഷേ, ഒരു 'കാര്‍ബണ്‍രഹിത' സങ്കേതം അവലംബിച്ചു. യന്ത്രത്തിന് പകരം ആടുകളെ ആ പണി ഏല്‍പ്പിച്ചു!

സംഭവം വിജയിച്ചു എന്നുമാത്രമല്ല, ഒരാഴ്ച ആടുകളുടെ 'സെര്‍ച്ചിങ്' കഴിഞ്ഞപ്പോള്‍ മണ്ണ് ഫലഭൂയിഷ്ടമാവുകയും ചെയ്തു. ചെലവ് കണക്കാക്കിയപ്പോള്‍, പുല്ലരിയല്‍ യന്ത്രം വാടകയ്‌ക്കെടുക്കുന്നതും ആടുകളെ മേയാന്‍ കൊണ്ടുവന്നതും ഏതാണ്ട് ഏതാണ്ട് സമം എന്നാണ് ഗൂഗിള്‍ വെളിപ്പെടുത്തിയത്.





ആ അനുഭവമാണ് ഈ വര്‍ഷവും, വൃത്തിയാക്കല്‍ പണി ആടുകളെ ഏല്‍പ്പിക്കാന്‍ പ്രേരണയായത്. 'കാലിഫോര്‍ണിയ ഗ്രേസിങി'ല്‍ നിന്ന് വാടകയ്‌ക്കെടുത്ത 200 ആടുകളാണ് ഇത്തവണയും 'ഗൂഗിളിങ്' നടത്തുന്നതെന്ന്, ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് (Google blog) അറിയിച്ചു. ആടുകള്‍ ഒരാഴ്ച ഗൂഗിള്‍ കോംപൗണ്ടിലുണ്ടാകും.

യന്ത്രമാകുമ്പോള്‍ അതിന് ഡീസല്‍ വേണം, ആടിന് വേണ്ട. വായൂ മലിനീകരണം ഒഴിവാകും. കാത് തുളയ്ക്കുന്ന ശബ്ദമുണ്ടാകും യന്ത്രം പ്രവര്‍ത്തിക്കുമ്പോള്‍, ആടുകള്‍ പുല്ല് തിന്നുമ്പോള്‍ ശബ്ദം പുറത്ത് കേള്‍ക്കുകയേ ഇല്ല. ചില കരച്ചിലിന്റെ ശബ്ദമല്ലാതെ മറ്റൊന്നും ആട് ഉണ്ടാക്കില്ല. ആടിനെ പുല്ലരിയല്‍ ഏല്‍പ്പിക്കുമ്പോള്‍, വായൂ മലിനീകരണവും ശബ്ദ മലിനീകരണവും ഓഴിവാക്കാനാകുമെന്ന് സാരം.

-ജോസഫ് ആന്റണി
Posted on: 16 Apr 2010 Mathrubhumi

No comments:

Related Posts with Thumbnails