സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീമിന്റെ ഒരു സിനിമയില്‍ ഗ്രാമപ്രദേശത്ത് വരാന്‍ പോകുന്ന വിമാനത്താവളത്തിന്റെ ഗുണങ്ങളെക്കുറിച്ച് രണ്ട് പേര്‍ സംസാരിക്കുന്ന രംഗമുണ്ട്. വിമാനത്താവളം വരുന്നതോടെ വീട്ടിലൊരു വിരുന്നുകാരന്‍ വന്നാല്‍ രണ്ട് മിനിറ്റു കൊണ്ട് വിമാനത്തില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാമെന്ന് അതിലൊരു കഥാപാത്രം പറയുന്നു. പിന്നീട് സ്ഥലമേറ്റെടുക്കലില്‍ നിന്ന് കമ്മീഷന്‍ ലഭിക്കുന്ന ഒരു പ്രാദേശിക നേതാവ് 'പാവങ്ങള്‍ക്ക് ഒരു വിമാനത്താവളം അത്യാവശ്യമല്ലേ' എന്ന് പറഞ്ഞ് വിമാനത്താവളത്തിന് വേണ്ടി ജനപിന്നോക്ക യാത്രയും നടത്തുന്നുണ്ട്. ഇത് പഴയ ചില ഇന്ത്യന്‍ സംഭവകഥകളുടെ രസകരമായ പകര്‍ത്തിയെഴുതലുകളാണെന്ന് പറയാം.
നെഹ്‌റുവിന്റെ കാലത്ത് വന്‍കിട ജലപദ്ധതികള്‍ക്ക് വേണ്ടിയുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തില്‍ വെള്ളത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ പോയപ്പോള്‍ ചില ആദിവാസികള്‍ ചോദിച്ചത്രെ, ഇത് അരി തരുമോ എന്ന്. അരി മാത്രമല്ല ഗോതമ്പും തരും എന്ന് അവരുടെ ഭൂമി ഏറ്റെടുക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നാണ് കഥ. ഇത് അസംഭവ്യമായ ഒന്നായിരിക്കാന്‍ സാധ്യതയില്ല. നേരത്തെ പറഞ്ഞ സിനിമയിലടക്കം പലപ്പോഴും സംഭവിക്കുന്ന സത്യം തന്നെയാണിത്. അതുകൊണ്ട് വികസനം പാവപ്പെട്ടവന് എന്ത് നേട്ടമുണ്ടാക്കുന്നു എന്ന പരിഹാസം കലര്‍ന്ന വിമര്‍ശനങ്ങള്‍ കഥയായും സിനിമയായും സമൂഹത്തില്‍ നിറയുന്നത്.
ഇതോര്‍ക്കാന്‍ കാരണം കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിയായ 'ആധാര്‍' ആണ്. യു.ഐ.ഡി (Unique Identification Number Project) എന്ന ഈ പദ്ധതി ഏറെ ചര്‍ച്ചയ്ക്കും ഒപ്പം വിവാദങ്ങള്‍ക്കും ഇപ്പോള്‍ വഴിതെളിയിച്ചു കഴിഞ്ഞു. ഒരു കാര്‍ഡിലെന്തിരിക്കുന്നു എന്ന് ചോദിക്കാമെങ്കിലും കാര്‍ഡില്‍ ചിലതെല്ലാം ഒളിഞ്ഞിരിക്കുന്നുണ്ടെന്നതാണ് സത്യം. അതില്‍ രാഷ്ട്രീയം ഒഴിഞ്ഞിരിക്കുന്നുണ്ടെന്ന് ഒരു വിഭാഗം. ജനങ്ങള്‍ക്ക് നല്ലതിനെന്ന് മറുപക്ഷം. ചര്‍ച്ചകള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ യു.ഐ.ഡി. അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.
എന്തൊക്കെയായാലും പതിവുപോലെ പദ്ധതി ഉദ്ഘാടനം കെങ്കേമമായി നടന്നു. സപ്തംബര്‍ 29 ന് മഹാരാഷ്ട്രയിലെ നന്ദര്‍ബാറിയിലെ തെംപാലി ആദിവാസി ഗ്രാമത്തില്‍ വെച്ച് മന്‍മോഹന്‍സിങും സോണിയാഗാന്ധിയും പങ്കെടുത്ത ചടങ്ങിലാണ് ഉദ്ഘാടനം നടന്നത്. വി.ഐ.പികള്‍ പങ്കെടുക്കുന്ന ചടങ്ങിന് ചെലവാക്കിയത് ഒന്നര കോടി രൂപ. പ്രധാനമന്ത്രിയുടെ വരവ് കൊണ്ട് പുതിയ റോഡുണ്ടായി എന്ന് തല്‍ക്കാലം പറയാം.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വിമര്‍ശകര്‍ ഉന്നയിക്കുന്നത് രണ്ട് പ്രധാന ചോദ്യങ്ങളാണ്. ആ ചോദ്യങ്ങള്‍ അപ്രസക്തമാണെന്ന് പറയാനുമാവില്ല. പദ്ധതി നടപ്പിലാക്കാന്‍ വേണ്ടി വരുന്ന ചെലവും ഒരു വ്യക്തിയ്ക്ക് അഥവാ ഒരു പൗരന് ലഭിക്കുന്ന പ്രയോജനങ്ങളുമാണ് ചോദ്യങ്ങളുടെ അടിസ്ഥാനം. 25,000 കോടി രൂപയാണ് പദ്ധതി നടപ്പിലാക്കുന്നതിനായി വകയിരുത്തിയിട്ടുള്ളത്. അതായത് ഒരാള്‍ക്ക് 417 രൂപ വീതം. അതേസമയം 45,000 കോടിയാണ് യഥാര്‍ഥ ചെലവെന്ന് ചില പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പദ്ധതിയുടെ ആദ്യഘട്ട ചെലവ് മാത്രം. പൂര്‍ണ്ണമായി നടപ്പാക്കപ്പെടുകയാണെങ്കില്‍ പദ്ധതിക്ക് ചെലവാക്കപ്പെടുക ഏകദേശം ഒരു ലക്ഷം കോടി രൂപയാണെന്ന് ചില സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.
എന്നാല്‍, കാര്‍ഡിന്റെ പ്രയോജനം സംബന്ധിച്ച് ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. ഓരോരുത്തരുടേയും വിരലടയാളവും കൃഷ്ണമണിയുടെ അടയാളവുമാണ് കാര്‍ഡിനായി പതിക്കുന്നത്. രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും ആദിവാസികളടക്കമുള്ള ദരിദ്രവിഭാഗങ്ങളെ വികസനപ്രക്രിയയില്‍ ഉള്‍പ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് സര്‍ക്കാരിന്റെ പക്ഷം. ഇതുപ്രകാരം ഓരോ കാര്‍ഡിലും ഓരോ നമ്പര്‍ ഉണ്ടായിരിക്കും. വ്യക്തിയുടെ മാത്രമായ നമ്പര്‍. ബയോമെട്രിക്ക് സംവിധാനം ഉപയോഗിച്ചാണ് ഈ സംവിധാനം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
2014 ഓടെ രാജ്യത്ത് എല്ലാവരും ഈ സംവിധാനത്തിന്റെ കീഴില്‍ വരും. അതായത് ഒരു വ്യക്തി ഒരു നമ്പറിലേക്ക് പരിമിതപ്പെടും. ജയിലില്‍ തടവുപുള്ളികള്‍ക്ക് നല്‍കുന്നതുപോലെയുള്ള നമ്പറല്ല, കുറച്ചധികം (12 അക്കങ്ങള്‍) വലുപ്പമുള്ള നമ്പറാകുമിത്. ലോകത്ത് ആദ്യമാണ് ബയോമെട്രിക്‌സ് സംവിധാനം ഉപയോഗിച്ച് പദ്ധതി നടപ്പിലാക്കുന്നതെന്ന് സര്‍ക്കാരിന്റെ വെബ്‌സൈറ്റ് പറയുന്നു.
നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്‍റര്‍, ഐ.ഐ.ടി. കാണ്‍പൂര്‍, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഇന്ത്യന്‍ ടെലിഫോണിക്ക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇന്‍റലിജന്‍സ് ബ്യൂറോ എന്നിവയുടെ പ്രതിനിധികള്‍ അടങ്ങിയ സാങ്കേതിക സമിതിയാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്. സമിതി അധ്യക്ഷന്‍ ഇന്‍ഫോസിസ് മേധാവിയായിരുന്ന നന്ദന്‍ നിലഖേനിയും. കാര്‍ഡു കൊണ്ട് അത് വിതരണം ചെയ്യപ്പെട്ട ആദിവാസികള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടായോ എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്.
പ്രസ്തുത കാര്‍ഡ് ഒരു വ്യക്തിയ്ക്ക് വികസനപ്രക്രിയയില്‍ എന്തുനേട്ടമുണ്ടാക്കുമെന്ന കാര്യം വ്യക്തമല്ല. ഒരാളെ തിരിച്ചറിയാന്‍ മാത്രമേ ഇത് ഉപകരിക്കൂ. അതായത് പദ്ധതികള്‍ക്ക് അപേക്ഷിക്കുമ്പോള്‍ നേരത്തെ നമ്മുടെ നാട്ടില്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്് തന്നെ വേണം. അപ്പോള്‍ ഒരാളെ തിരിച്ചറിയാന്‍ മാത്രമായി ആയിരക്കണക്കിന് കോടി രൂപ ചെലവാക്കേണ്ടതുണ്ടോ എന്ന ചോദ്യത്തില്‍ കഴമ്പുണ്ട്. ഇത്രയും ചെലവിട്ട് കാര്‍ഡ് നടപ്പിലാക്കുന്നതിന് പിന്നിലെ ചില അജണ്ടകള്‍ കാണാതിരുന്നുകൂടാ എന്ന് മുന്നറിയിപ്പ് നല്‍കുന്നവരുമുണ്ട്.
രാജ്യത്ത് നക്‌സല്‍ ആക്രമണങ്ങളും ഭീകരാക്രമണ സാധ്യതകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓരോ വ്യക്തിയുടേയും നീക്കങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള നീക്കമാകാം ഇത്തരമൊരു പദ്ധതിക്ക് പിന്നില്‍. കാരണം ഒരോ വ്യക്തിയുടേയും യാത്ര അടക്കമുള്ള വിവരങ്ങള്‍ മനസിലാക്കാനാകും. ഇതുമൂലം ഭരണകൂടത്തിന് തങ്ങള്‍ക്കെതിരായ താല്‍പര്യങ്ങളുള്ളവരെ ഇല്ലാതാക്കാനും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 1993 മുതല്‍ 2006 വരെ രാജ്യത്ത് 2,560 പോലീസ് ഏറ്റുമുട്ടലുകള്‍ ഉണ്ടായി എന്നാണ് കണക്ക്. ഇതില്‍ പകുതിയും വ്യാജ ഏറ്റുമുട്ടലുകളാണെന്ന വെളിപ്പെടുത്തലുകള്‍ ഇതിനകം പുറത്തുവന്നിട്ടുമുണ്ട്. ഏകദേശം 1,224 ഏറ്റുമുട്ടലുകള്‍ വ്യാജമെന്നാണ് റിപ്പോര്‍ട്ട്.
ഈ തരത്തില്‍ ഒരു വ്യക്തിയെ പൂര്‍ണ്ണമായി ഭരണകൂട വിധേയമാക്കാനുള്ള നീക്കം തികഞ്ഞ ജനാധിപത്യ വിരുദ്ധതമാണെന്നാണ് സാമൂഹ്യപ്രവര്‍ത്തകരുടെ പക്ഷം. ഡി.എന്‍.എ. ഡാറ്റാബാങ്ക് വികസിപ്പിച്ചെടുത്താല്‍ വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ഇത് നടപ്പിലാക്കാമെന്നും, ന്യായീകരിക്കാനാവാത്ത ചെലവാണ് ഇതെന്നുമുള്ള ലക്‌നൗ ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സിലെ ഡോ. സെയ്ദ് അഹമ്മദിന്റെ വാക്കുകളെ സാമ്പത്തിക വിദഗ്ദ്ധനായ ഡോ. ജെ. പ്രഭാഷ് 'ജനയുഗം' പത്രത്തിലെഴുതിയ ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്. സെയ്ദ് പറയുന്നത് ഒരാള്‍ക്ക് 10 രൂപ ചെലവുള്ള ഒരു കാര്യത്തിന് 417 രൂപ ചെലവാക്കുന്നത് അന്യായമാണെന്നാണ്. ജീന്‍ മാപ്പിങ് നടത്തിയാല്‍ പോലും ചെലവ് ഇത്രയും ഭീമമാകില്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ സംഘടനയും സിറ്റിസണ്‍ ഫോറം ഫോര്‍ സിവില്‍ ലിബര്‍ട്ടീസും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഡോ. അമര്‍ത്യ സെന്‍, റൊമില ഥാപര്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, അരുണറോയ്, പ്രഫുല്‍ ബിദ്വായ്, ജസ്റ്റിസ് എ.പി. ഷാ, ഉമ ചക്രവര്‍ത്തി തുടങ്ങിയ സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനവും സമര്‍പ്പിച്ചിട്ടുണ്ട്. അപ്രായോഗികവും വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതുമായ പദ്ധതിയാണിതെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് നടത്തിയ പഠനത്തില്‍ പറയുന്നതായി പ്രഫുല്‍ ബിദ്വായ് പറയുന്നു.
പദ്ധതിയുടെ സാധ്യതാപഠനം സംബന്ധിച്ച വിവരങ്ങളില്ല, നിയമനിര്‍മ്മാണ സഭ ശരിയായ രീതിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല, മൊത്തം കണക്കാക്കപ്പെടുന്ന ചെലവ് വെളിപ്പെടുത്തിയിട്ടില്ല, ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുകയോ അഭിപ്രായ ഐക്യം രൂപപ്പെടുത്തുകയോ ചെയ്തിട്ടില്ല-ഇതൊക്കെയാണ് ഇവരുടെ വിമര്‍ശനങ്ങള്‍. ദേശീയ സുരക്ഷാകൗണ്‍സില്‍ പോലും അംഗീകരിക്കാത്ത പദ്ധതിയാണിതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസിന്റെ മുന്‍ മേധാവിയെ ഏല്‍പ്പിച്ചത് ഹിറ്റ്‌ലര്‍ പണ്ട് ഐ.ബി.എം. കമ്പനിയെ ചാപ്പ കുത്താന്‍ ഏല്‍പ്പിച്ചതുപോലെയാണെന്നും ഇവര്‍ പറയുന്നു. പദ്ധതിയുടെ ലോകബാങ്ക് ബന്ധമാണ് വിമര്‍ശനത്തിന്റെ മറ്റൊരു പ്രധാനകാരണം. ഒരു രാജ്യത്തേയും രാഷ്ട്രീയ കാലാവസ്ഥ പ്രവചിക്കാന്‍ കഴിയാത്ത ഒരു കാലമാണിത്. ഭരണകൂട ഭീകരത (സാമ്പത്തിക കൊള്ളയടി സംഘടിതമായി സര്‍ക്കാരുകള്‍ നടത്തുന്നുണ്ടൈങ്കിലും) ഇന്ത്യയില്‍ ഭാവിയില്‍ ഒരു യാഥാര്‍ത്ഥ്യമായാല്‍ പൗരന്‍മാര്‍ക്കെതിരെ ഇത്തരം സംവിധാനങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യശാസ്ത്രജ്ഞന്‍മാരും മുന്നോട്ടുവെക്കുന്ന വിമര്‍ശനം.
അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകില്ല എന്ന് ഉറപ്പുപറയാനുമാകില്ല. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അത്രവലിയ ക്രമസമാധാന പ്രശ്‌നമോ പ്രകോപനമോ ഉണ്ടായിട്ടല്ല എന്ന് എല്ലാവര്‍ക്കുമറിയാം. അങ്ങനെ വരുമ്പോള്‍ ഭരണകൂടങ്ങള്‍ക്കെതിരായ എല്ലാ ചെറുത്തുനില്‍പ്പുകളെയും മുന്‍കൂട്ടി കാണാനും കൃത്യമായി അത്തരം ശ്രമങ്ങളെയും അതിന് നേതൃത്വം നല്‍കുന്നവരെയും തിരിച്ചറിയാനും ഇതുവഴി കഴിയുന്നു.
ഒരു പൗരന്‍ എന്ന നിലയിലോ വ്യക്തി എന്ന നിലയ്‌ക്കോ ഉള്ള ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളെ നിഗ്രഹിക്കാന്‍ ഇതിന് കഴിഞ്ഞേക്കുമെന്ന ആശങ്ക മറച്ചുവെക്കാനാകില്ല. ലോകത്ത് പലയിടത്തും ഭരണകൂടം ഇത്തരം രീതികള്‍ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ചിട്ടുണ്ട്. മുസ്‌ലീമാണോ എന്നറിയാന്‍ ലിംഗാഗ്രം പരിശോധിക്കുന്നത് പോലെയാണിത്. ഗുജറാത്തിലെ വര്‍ഗീയ കലാപത്തില്‍ ഇത് പരീക്ഷിക്കപ്പെട്ടതുമാണ്. 1933-കാലത്ത് അധികാരമേറ്റെടുത്ത ഹിറ്റ്‌ലര്‍ IBM (Hollerith card sorting Machine) ഉപയോഗിച്ച് ജൂതന്‍മാരെ തിരഞ്ഞുപിടിച്ചതുപോലെ. അമേരിക്കയിലെ ഹോളോകാസ്റ്റ് മ്യൂസിയത്തില്‍ അവ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മാത്രമല്ല പല പാശ്ചാത്യ രാജ്യങ്ങളും നടപ്പിലാക്കി ഉപേക്ഷിച്ച രീതിയുമാണത്.
അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ നടപ്പിലാക്കിയെങ്കിലും കാര്യക്ഷമമായില്ല. ഇതിനായി നീക്കിവെച്ച തുക സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിച്ചിരുന്നെങ്കില്‍ എന്ന് ഇതെല്ലാം പരിശോധിക്കുമ്പോള്‍ തോന്നിപ്പോകും. ഇതിന് സര്‍ക്കാര്‍ മറു വാദവും മുന്നോട്ടുവെക്കുന്നു. ജപ്പാന്‍, ചൈന, ബ്രസീല്‍, ഇറാന്‍, ഇസ്രായേല്‍, ഇന്തോനേഷ്യ എന്നിങ്ങനെ 50 ഓളം രാജ്യങ്ങളില്‍ പദ്ധതി വിജയകരമാണെന്ന് UIDAI (Unique Identification Authority of India) യുടെ വെബ്‌സൈറ്റില്‍ പറയുന്നു.
നന്ദന്‍ നിലഖേനി എഴുതിയ 'ഇമാജിനിങ് ഇന്ത്യ' എന്ന പുസ്തകത്തില്‍ നേരത്തെ ഇത്തരമൊരു ആശയം അവതരിപ്പിച്ചിരുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ക്കായി കാര്‍ഡ് ദുരുപയോഗം തടയാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.അഞ്ചുവര്‍ഷത്തിനുള്ളില്‍ 60 കോടി കാര്‍ഡെങ്കിലും വിതരണം ചെയ്യുക എന്നതാണത്രെ സര്‍ക്കാരിന്റെ ലക്ഷ്യം. അനധികൃത കുടിയേറ്റം അടക്കമുള്ള പ്രശ്‌നങ്ങള്‍ തടയാനാകും എന്നും ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. പറഞ്ഞുകേള്‍ക്കുന്ന നേട്ടങ്ങള്‍ ഇതുകൊണ്ട് തീരുന്നില്ല.
അതിങ്ങനെ; സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കുള്ള തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു മാറ്റാം, മൊബൈല്‍ ഫോണ്‍ വഴിയുള്ള ബാങ്ക് ഇടപാടുകളില്‍ നിക്ഷേപകന്റെ തിരിച്ചറിയല്‍ നമ്പറായി ഉപയോഗിക്കാം, സിം കാര്‍ഡ് ദുരുപയോഗം തടയാം, സെന്‍സസിന് കൂടുതല്‍ കൃത്യത വരുത്താം തുടങ്ങിയ നേട്ടങ്ങള്‍ കാര്‍ഡിനുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
സ്‌കൂള്‍ പ്രവേശനം, ബാങ്ക് അക്കൗണ്ട്, യാത്രാ ടിക്കറ്റുകള്‍, ആസ്പത്രി രേഖ തുടങ്ങിയ അഭ്യൂഹ നേട്ടങ്ങളും പ്രചരിക്കുന്നുണ്ട്. ഇതില്‍ കൃത്യത വരുത്താന്‍ നന്ദന്‍ നിലഖേനിക്കും സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. പക്ഷേ ഇതൊന്നും ഉപയോഗിക്കാനില്ലാത്ത പാവപ്പെട്ട ആദിവാസി, ദളിത് വിഭാഗങ്ങള്‍ക്ക്, അവഗണിക്കപ്പെട്ട ഗ്രാമീണ മേഖലകള്‍ക്ക ഇതുകൊണ്ട് പ്രയോജനമുണ്ടാകുമോ. അവര്‍ ഇവയെ ഈ രീതിയില്‍ ഉപയോഗപ്പെടുത്തുമോ. മാത്രമല്ല ഇവ പ്രയോജനപ്പെടുത്തതുകൊണ്ട് പുതിയ വികസനരേഖയില്‍ നിന്ന് അവരിനിയും പുറത്താക്കപ്പെടുമോ. സാധ്യതയേറെയാണ്.
ആദിവാസികള്‍ എ.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടുന്നതും അവര്‍ സ്ഥിരമായി സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുന്നതുമായ ഇപ്പോഴത്തെ അവസ്ഥ ഇതിനുള്ള മറ്റൊരു ഉദാഹരണമാണ്. കാര്‍ഡ് എല്ലാവര്‍ക്കും കിട്ടും. അത് സൂക്ഷിക്കാനുള്ള നല്ല സ്ഥലം പോലും ആദിവാസിക്കുടികളില്‍ ഉണ്ടാകില്ല. അങ്ങനെയങ്കില്‍ യുഐഡി കാര്‍ഡ് ഇല്ലാത്തതുകൊണ്ട് സാമൂഹ്യസേവനങ്ങള്‍ നിഷേധിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
മാത്രമല്ല ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (National Rural Employment Guarantee Act) യ്ക്ക് നല്‍കിയ തൊഴില്‍ കാര്‍ഡുകള്‍ ഗ്രാമങ്ങളിലെ ചില ഏജന്‍സികളും ഭരണവിഭാഗങ്ങളും ദുരുപയോഗം ചെയ്യുന്നതായി അരുണ റോയ്, നിഖില്‍ ഡേ എന്നിവരെഴുതിയ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. മറ്റൊന്ന് വിവരസാങ്കേതികരംഗത്തെ അവകാശലംഘനമാണ്. വ്യക്തി സ്വകാര്യതയെ തകര്‍ത്ത് സര്‍ക്കാരിന് കീഴ്‌പ്പെട്ട് കൃത്യമായി ചുങ്കം കൊടുക്കുകയും സമര്‍ത്ഥമായി നിരീക്ഷിക്കപ്പെടുകയും ചെയ്യുന്ന ആധുനിക അടിമ വ്യവസ്ഥയ്ക്ക് വഴിയൊരുക്കാന്‍ ഇവ കാരണമാകുമെന്നാണ് ഡല്‍ഹിയില്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന ഒരു സെമിനാറില്‍ ചില സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞത്. സദാ സംശയാസ്പദമായി പൗരന്‍മാരെ നിരീക്ഷിക്കുന്ന ഒരു ഭരണകൂടത്തിന്റെ അധികാര രൂപത്തെയാണ് ഇവര്‍ ഭയപ്പെടുന്നത്. ആധുനിക ചാപ്പകുത്ത് എന്ന് പറയുന്നുവരുമുണ്ട്.
സാങ്കേതികമായ ആശങ്കകളും ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. തിമിരം ബാധിച്ചവരോ, കൈവിരലിന് അസ്വഭാവികതയുള്ളവരോ കാര്‍ഡില്‍ ഉള്‍പ്പെടുത്തപ്പെടുമോ. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് വേണ്ടത്ര ചര്‍ച്ചകള്‍ ലോക്‌സഭയിലടക്കം നടന്നിട്ടില്ല. സാധ്യതാപഠനം നടത്താതെ ഇത്രയും ചെലവുള്ള ഒരു പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സ്വയം തീരുമാനിക്കുന്നതില്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ സുരക്ഷാ കണ്ണാണ് എന്ന് വ്യക്തം. ഇക്കാര്യത്തിലും സര്‍ക്കാരിന് അമേരിക്ക തന്നെ മാതൃക. പ്രതിരോധത്തിനായി കോടിക്കണക്കിന് ഡോളര്‍ ചെലവിട്ട് സാമ്പത്തികപ്രതിസന്ധി വരുത്തിവെച്ച് ഇപ്പോള്‍ സുരക്ഷയുമില്ല, സാമ്പത്തിക സ്ഥിരതയുമില്ല എന്ന അവസ്ഥയിലാണ് അമേരിക്കന്‍ ഭരണകൂടം.
സാങ്കേതികമായി ഹാര്‍ഡ്‌വേര്‍, സോഫ്ട്‌വേര്‍ മേഖലയില്‍ വന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയാണ് ചെയ്യാന്‍ പോകുന്നതെന്നും ഡല്‍ഹി സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. മൈക്രോ ചിപ്പ് നിര്‍മ്മാണം, സെര്‍വര്‍ അപ്ഗ്രഡേഷന്‍, സ്‌കാനിങ്, ഡാറ്റാ ഔട്ട് സോഴ്‌സിങ് എന്നിവയുടെ പേരില്‍ കച്ചവടത്തിന്റെ വലിയ സാധ്യതകളാണ് ഉയര്‍ന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും രസകരമായ വിമര്‍ശനം വന്നത് അമേരിക്കയില്‍ നിന്നുതന്നെയാണ്. ഹോളിവുഡ് സിനിമയില്‍ മാത്രമാണ് ഇത്തരം രീതി ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്നായിരുന്നു ബാര്‍ട്ട് പെര്‍ക്കിന്‍സ് എന്ന കോളിമിസ്റ്റ് ഒരു വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തിലെ വിമര്‍ശനം.
നിലവില്‍ പാസ്‌പോര്‍ട്ട്, ലൈസന്‍സ്, റേഷനിങ്, ടാക്‌സ്, ബാങ്ക്, വോട്ടിങ് എന്നിവയ്‌ക്കെല്ലാം കാര്‍ഡുള്ള ഇന്ത്യയില്‍ ഇതെങ്ങനെ കൃത്യമായി എല്ലാവരിലും എത്തുമെന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. മൈന്‍ഡ് ട്രീ (ഇന്ത്യ), ഡാവോണ്‍ (അയര്‍ലണ്ട്), ന്യൂറോ ടെക്‌നോളജി (ലിത്വാനിയ) എന്നീ കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് നിലവില്‍ ബയോമെട്രിക്‌സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഇതൊരു ലളിതമായ പ്രക്രിയയുമില്ല.
വെള്ളപ്പൊക്കവും അത്യുഷ്ണവും കടുത്ത ദാരിദ്യവുമുള്ള എത്രയോ ഗ്രാമങ്ങളാണ് ഇന്ത്യയിലുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ ഈ കാര്‍ഡ് സൂക്ഷിക്കുമെന്നത് പോലും ദുഷ്‌കരമാണ്. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അത് മറ്റ് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇങ്ങനൊക്കെയാണ് ഇന്ത്യന്‍ വിവര സാങ്കേതികരംഗവും ഒരു വിഭാഗം രാഷ്ട്രീയപ്രസ്ഥാനങ്ങളും ഏറെ പ്രതീക്ഷയോടെ കാണുന്ന യു.ഐ.ഡി. പദ്ധതിയുടെ അവസ്ഥ. ഒരു കാര്‍ഡിലെന്തിരിക്കുന്നു എന്ന ചോദ്യത്തിന് രാഷ്ട്രീയ പ്രസക്തിയുണ്ടാകുന്നത് ഇവിടെയാണ്.
കാര്‍ഡുണ്ടായിട്ടും രാജ്യത്തെ വികസനത്തിന്റെ ഗുണഭോക്താക്കളാകാനോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനോ യോഗമില്ലാതെ പോകുന്ന കോടിക്കണക്കിന് ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് വീണ്ടും കോടികള്‍ ചെലവിട്ട് നടത്തുന്ന കാര്‍ഡ് വിപ്ലവമാണ് 'ആധാര്‍' എന്ന ഈ പദ്ധതി. ഇത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുമോ സാധാരണക്കാരന്റെ അടിത്തറയിളക്കുന്ന സ്വത്വപ്രതിസന്ധിയായി മാറുമോ എന്ന് കാത്തിരുന്നു കാണാം.
വി.എസ്. സനോജ്
Mathrubhumi