Showing posts with label ബോംബ്‌. Show all posts
Showing posts with label ബോംബ്‌. Show all posts

Apr 3, 2010

ബോംബ് ഗുണ്ട് ആയി മാറുന്ന രാസവിദ്യ

സി. ദാവൂദ്

ബോംബും ഗുണ്ടും തമ്മിലുള്ള വ്യത്യാസമെന്താണ്? രണ്ടും പൊട്ടിയാലറിയാം എന്നായിരിക്കും സാമാന്യമറുപടി. എന്നാല്‍ മലയാളമാധ്യമങ്ങളുടെ ഇന്നത്തെ നില നോക്കുമ്പോള്‍ അത് അങ്ങനെയാവാന്‍ തരമില്ല. ഇന്നലത്തെ ബോംബ് ഇന്ന് വെറുമൊരു ഗുണ്ട് ആയി മാറുന്നതിന്റെ രാസവിദ്യ അറിയണമെങ്കില്‍ കഴിഞ്ഞ ആഴ്ചത്തെ മതേതര മലയാള പത്രങ്ങള്‍ ചിലത് നോക്കിയാല്‍ മതി. കാര്യം ഇങ്ങനെ: മാര്‍ച്ച് 21ന് ബംഗളൂരുവില്‍ നിന്ന് പറന്നുയര്‍ന്ന് തിരുവനന്തപുരത്തിറങ്ങിയ കിങ്ഫിഷര്‍ വിമാനത്തില്‍ നിന്ന് ഒരു ബോംബ് കണ്ടെടുത്തു. പിറ്റേന്ന് മലയാള പത്രങ്ങളെല്ലാം അത് ഒന്നാം പേജ് വാര്‍ത്തയാക്കി. സുരക്ഷയെക്കുറിച്ച ഉത്കണ്ഠകള്‍ പങ്കുവെച്ചു. കൂട്ടത്തില്‍, 'വിശ്വാസ്യതയുടെ 99 വര്‍ഷങ്ങള്‍' പിന്നിട്ട 'കേരള കൌമുദി' പത്രം ന്യൂദല്‍ഹിയില്‍നിന്ന് കെ.എസ് ശരത്ലാലിന്റെ പേരില്‍ ശ്രദ്ധേയമായൊരു വാര്‍ത്ത കൊടുത്തു, 'വെടിമരുന്നു പൊതി ട്രയലോ മുന്നറിയിപ്പോ' എന്ന തലക്കെട്ടില്‍. ജനങ്ങളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ധരിപ്പിക്കാനായി പ്രത്യേകം കള്ളിയിലാക്കി കേരള കൌമുദി അറിയിക്കുന്ന കാര്യങ്ങള്‍ ഒന്ന്, ഭീകരഗ്രൂപ്പായ ഇന്ത്യന്‍ മുജാഹിദീന്റെ കേരളത്തിലെയോ കര്‍ണാടകത്തിലെയോ സ്ലീപ്പര്‍ സെല്ലുകളാണ് വിമാനത്തില്‍ വെടിമരുന്ന് കണ്ടെത്തിയതിന് പിന്നിലെന്നാണ് സംശയം. രണ്ട്, നേതാക്കളില്‍ പലരെയും അറസ്റ്റ് ചെയ്തിട്ടും ഇന്ത്യന്‍ മുജാഹിദീന്റെ ശക്തി ക്ഷയിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കരുതപ്പെടുന്നു. മൂന്ന്, ആക്രമണത്തിനു മുമ്പ് മുന്നറിയിപ്പ് നല്‍കുന്ന രീതിയും ഇന്ത്യന്‍ മുജാഹിദീനുണ്ട്. നാല്, ഇന്ത്യയില്‍ ഇന്ത്യക്കാരെ ഉപയോഗിച്ച് ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ പാക് ചാരസംഘടനയായ ഐ.എസ്.ഐയും അധോലോകനായകന്‍ ദാവൂദ് ഇബ്രാഹീമും നിയന്ത്രിക്കുന്ന സംഘടനയാണ് ഇന്ത്യന്‍ മുജാഹിദീന്‍.

ഈ കണ്ടെത്തലുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ടത്ര ഗൌനിക്കുകയില്ലേ എന്ന് സംശയിച്ചായിരിക്കണം അടുത്ത ദിവസം (മാര്‍ച്ച് 23) പത്രാധിപര്‍ കിടിലനൊരു മുഖപ്രസംഗം തന്നെകാച്ചി: 'വിമാനത്തിലെ ബോംബ് പൊതി' എന്ന തലക്കെട്ടില്‍. കാര്യം അന്വേഷിച്ച് ഉടന്‍ കുറ്റവാളികളെ പിടികൂടിയേ അടങ്ങൂ എന്ന് പത്രാധിപര്‍ കട്ടായം പറഞ്ഞു. മുഖപ്രസംഗം വായിച്ചിട്ടോ എന്തോ അന്വേഷണ ഉദ്യോഗസ്ഥര്‍ നാടൊട്ടുക്കും പാഞ്ഞു. മാര്‍ച്ച് 28ന് തന്നെ പ്രതിയെ കൈയോടെ പിടികൂടി പത്രക്കാര്‍ക്കു മുമ്പില്‍ ഹാജരാക്കി. സ്വാഭാവികമായും പത്രാധിപരദ്ദേഹം ബോംബ്ഭീകരനെ പിടികൂടിയതില്‍ സന്തോഷിക്കാനേ തരമുള്ളൂ. എന്നാല്‍, പിറ്റേ ദിവസം പത്രം പെട്ടെന്നങ്ങ് മാറുന്നതാണ് കണ്ടത്. തലേദിവസം വരെ ബോംബ് ആയിരുന്ന സാധനം അതാ മാര്‍ച്ച് 29ന് പെട്ടെന്ന് വെറുമൊരു ഗുണ്ട് ആയി മാറുന്നു! ആ മനോഹര തലക്കെട്ട് ഇങ്ങനെ വായിക്കാം: 'തീവ്രവാദി ബന്ധമില്ല; ജീവനക്കാരുടെ കുടിപ്പക, കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് സൂചന; വിമാനത്തിലെ ഗുണ്ട്: പ്രതി അറസ്റില്‍'. ഹായ് എത്ര മനോഹരം, സമഗ്രം, വസ്തുനിഷ്ഠം! വായനക്കാര്‍ക്ക് തലക്കെട്ടില്‍ നിന്ന് തന്നെ കാര്യങ്ങള്‍ എളുപ്പം മനസ്സിലാക്കാന്‍ കഴിയണമെന്നതാണ് പത്രപ്രവര്‍ത്തനത്തിലെ പ്രഫഷനലിസം. അതില്‍ പത്രം പൂര്‍ണവിജയം വരിച്ചിരിക്കുന്നു.തലേ ദിവസം വരെ ബോംബ് ആയ സാധനം പൊടുന്നനെയൊരു സുപ്രഭാതത്തില്‍ ഗുണ്ട് ആയി മാറുന്നത് എങ്ങനെയെന്ന ചോദ്യം രസതന്ത്രവിദ്യാര്‍ഥികള്‍ക്ക് വിടാം. മാര്‍ച്ച് 22ന് പത്രലേഖകന്‍ കണ്ടെത്തിയ ഇന്ത്യന്‍ മുജാഹിദീന്റെ സ്ലീപ്പര്‍ സെല്ലുകള്‍ വെറുമൊരു ഗുണ്ടില്‍ ഛേ, ഞങ്ങള്‍ക്കെന്ത് കാര്യം എന്ന മട്ടില്‍ ദുബായിലേക്ക് പോയിക്കാണും എന്നും വിചാരിക്കാം!

കാര്യം പച്ചയായി തന്നെയങ്ങ് പറഞ്ഞേക്കാം. നായര്‍ ബോംബ് വെച്ചാല്‍ അത് ഗുണ്ടും മുസ്ലിം പടക്കം പൊട്ടിച്ചാല്‍ അത് ആര്‍.ഡി.എക്സുമായി മാറുന്ന രാസപ്രവര്‍ത്തനം അടുത്ത ഏതാനും നാളുകളായി കേരളത്തിന്റെ സവിശേഷമായ രാസ^മനോഘടനയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ബഹുമാന്യ പത്രാധിപന്മാരുടെ മേല്‍നോട്ടത്തിലാണ് ഈ രാസപ്രവര്‍ത്തനം നടക്കുന്നത്. പത്രങ്ങളോടൊപ്പം പ്രചരിക്കുന്ന ഒരു സംസ്കാരത്തിന്റെ ഇപ്പോള്‍ കിട്ടിയ ഒടുവിലെ ഉദാഹരണം മാത്രമായി ഇതിനെ കണ്ടാല്‍ മതി.

ഇനി മാര്‍ച്ച് 15ലേക്ക് വരിക. കൊച്ചിയില്‍ തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളിലും ബോംബ് വെച്ചിട്ടുണ്ടെന്ന എസ്.എം.എസ് സന്ദേശം നഗരത്തില്‍ പലര്‍ക്കും കിട്ടിക്കൊണ്ടിരുന്നു. പൊലീസ് മുക്കായ മൂലകളെല്ലാം മണിക്കൂറുകളോളം അരിച്ചു പെറുക്കി. നഗരം ആശങ്കകളുടെ മുള്‍മുനയില്‍ വിറച്ചുനിന്നു. അവസാനം പൊലീസ് എസ്.എം.എസ് അയച്ച ആളുകളെ കൈയോടെ പൊക്കി. ഉടന്‍ ടി.വികളില്‍ ഫ്ളാഷ് മിന്നി. അത് വ്യാജസന്ദേശമായിരുന്നു. അയച്ച വിദ്യാര്‍ഥികളെ പിടികൂടിയിട്ടുണ്ട്. പക്ഷേ, അവര്‍ക്ക് ഒരു ദുരുദ്ദേശ്യവുമില്ലത്രേ. പിറ്റെ ദിവസത്തെ പത്രങ്ങളും അത് തന്നെ കാച്ചി. ഒരു ദുരുദ്ദേശ്യവുമില്ലാതെ കേരളത്തിന്റെ വാണിജ്യതലസ്ഥാനത്തെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിറുത്തിയ ഈ ചെറുപ്പക്കാര്‍ ആരാണ്? അവരുടെ പേരെന്താണ്? ഒരു പത്രവും പേര് പ്രസിദ്ധീകരിച്ചില്ല; പൊലീസ് അത് പുറത്തു വിട്ടുമില്ല. കാരണം വ്യക്തം; ഇന്ത്യന്‍ മുജാഹിദീന്റെ സ്ലീപ്പര്‍ സെല്ലുമായി ബന്ധമുണ്ടാകാന്‍ ഇടയില്ലാത്ത സമുദായത്തില്‍ പെട്ടവരാണ് ആ ധീര ചെറുപ്പക്കാര്‍.

മൂന്നാര്‍ എന്ന പ്രദേശത്ത് ഹെക്ടര്‍ കണക്കിന് ഭൂമി ടാറ്റാ കമ്പനി അന്യായമായി കൈയേറി കൈവശം വെച്ചിരിക്കുന്നുവെന്നും അത് തിരിച്ചു പിടിക്കണമെന്നുമാണ് മൂന്നാര്‍ പ്രശ്നത്തിന്റെ എല്ലാവരുമറിയുന്ന ലളിതച്ചുരുക്കം. എന്നാല്‍ മൂന്നാര്‍ പ്രശ്നത്തെക്കുറിച്ച് വ്യത്യസ്തമായൊരു തിയറി അടുത്ത കാലത്തായി കേരളത്തില്‍ രൂപപ്പെട്ടുവന്നത് വായനക്കാര്‍ അറിഞ്ഞോ? അതിങ്ങനെ: 'ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന, എസ്.ജയചന്ദ്രന്‍ നായര്‍ എന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പത്രാധിപരായ 'സമകാലിക മലയാളം' വാരിക മൂന്നാര്‍ പ്രശ്നം വിശദീകരിക്കുന്നതിങ്ങനെയാണ്: ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി എന്നീ പ്രസ്ഥാനങ്ങള്‍ കടപ്പുറം കേന്ദ്രീകരിച്ചായിരുന്നു അടുത്ത കാലം വരെ ബോംബ് (ഗുണ്ട് അല്ല) നിര്‍മാണവും തീവ്രവാദപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നത്. എന്നാല്‍ മുംബൈ ആക്രമണശേഷം കോസ്റ്റ് ഗാര്‍ഡ് ശക്തിപ്പെടുത്തിയതിനെത്തുടര്‍ന്ന് കടപ്പുറത്തെ കലാപരിപാടി ഫലിക്കാതായി. അങ്ങനെ സോളിഡാരിറ്റിക്കാര്‍ തീവ്രവാദ സാമഗ്രികളുമായി കിഴക്കോട്ട് വണ്ടി കയറി ഹൈറേഞ്ചിലെത്തി. അപ്പോഴാണ് അവിടെ തീവ്രവാദപ്രവര്‍ത്തനത്തിന് ഏറ്റവും പറ്റിയ സ്ഥലമായ മൂന്നാര്‍ മുഴുക്കെ ടാറ്റയുടെ കൈയിലാണെന്നു കണ്ടത്. അതിനാല്‍ ഇനിമേല്‍ തീവ്രവാദം നടത്തണമെങ്കില്‍ ടാറ്റയെ കുടിയിറക്കണം. തദാവശ്യാര്‍ഥം അവര്‍ കേരളത്തിനു മേല്‍ അടിച്ചേല്‍പിച്ച അജണ്ടയാണ് മൂന്നാര്‍ പ്രശ്നം! (സമകാലിക മലയാളം. 2010 ഫെബ്രുവരി 26). മാന്യനായ ഒരാളുടെ പത്രാധിപത്യത്തിലുള്ള നിലവാരമുള്ള സാംസ്കാരികപ്രസിദ്ധീകരണത്തിലാണ് ഈ ലേഖനം വന്നതെന്നോര്‍ക്കുക. സാധാരണഗതിയില്‍ പരിഹസിച്ചു തള്ളപ്പെടുന്ന പള്‍പ്പ് സിദ്ധാന്തമായി ഇത് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, പ്രസ്തുതലേഖനം വന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഈ കേരളത്തില്‍ ഒരു പുസ്തകമിറങ്ങി. പേര്, 'മൂന്നാര്‍ രേഖകള്‍'. ഗ്രന്ഥകര്‍ത്താവ്, ടാറ്റാ ടീയുടെ ടി.ദാമു. പുസ്തകം പ്രസിദ്ധീകരിച്ചത് മലയാളത്തിലെ മുന്‍നിര പ്രസിദ്ധീകരണാലയമായ ഡി.സി ബുക്സ്. പ്രകാശനം ചെയ്തത് കേന്ദ്രമന്ത്രി പ്രഫ. കെ.വി തോമസ്. സമകാലിക മലയാളം വാരികയില്‍ മൂന്നാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് വന്ന അതേ ഇസ്ലാമിക തീവ്രവാദ സിദ്ധാന്തം തന്നെയാണ് ദാമുവും പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. പുസ്തകത്തിന്റെ ഉള്ളടക്കത്തെ ആധാരമാക്കി ജന്മഭൂമി ദിനപത്രം ഒന്നാം പേജില്‍ എട്ട് കോളം വാര്‍ത്ത നല്‍കി (മാര്‍ച്ച് 14). ആര്‍.എസ്.എസ് വാരികയായ കേസരിയും അത് ഏറ്റുപിടിച്ചു. ഇനി ദല്‍ഹിയിലെ സംഘ്പരിവാര്‍ പത്രപ്രവര്‍ത്തകര്‍ ഇത് ദേശീയ മാധ്യമങ്ങളില്‍ വിഷയമാക്കിക്കൊള്ളും. രമേശ് ചെന്നിത്തല എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് പത്രസമ്മേളനവും തീതുപ്പുന്ന പ്രഭാഷണങ്ങളുമായി ഇറങ്ങിത്തിരിക്കുമെന്നും പ്രതീക്ഷിക്കാം.

മലയാള മാധ്യമരംഗത്ത് നടന്നുകൊണ്ടിരിക്കുന്ന അതിഭീകരമായ വംശീയവിവേചനത്തിന്റെയും വര്‍ഗീയ ചിന്താഗതിയുടെയും വിഷം തുപ്പുന്ന സാക്ഷ്യങ്ങളാണ് മേല്‍വിവരിച്ചത്. ഒരു ബസ്കത്തിക്കല്‍ കേസിലെ ഒമ്പതാം പ്രതിയായ സ്ത്രീയെ തങ്ങള്‍ കണ്ട സമയത്ത് അറസ്റ്റ് ചെയ്യാത്തതിന്റെ പേരില്‍ മലയാള മാധ്യമങ്ങളും മിതവാദ വീരന്മാരായ രാഷ്ട്രീയ നേതാക്കളും കേരളത്തിലൊഴുക്കിയ വര്‍ഗീയവിഷം നാം കണ്ടതാണ്. ലൌ ജിഹാദ് എന്ന പ്രഹേളികയുടെ പേരില്‍ ഇവര്‍ കാട്ടിക്കൂട്ടിയ പ്രചാരണ കോപ്രായങ്ങള്‍ സച്ചിദാനന്ദനെപ്പോലെ അകലെ ദല്‍ഹിയില്‍ ജീവിക്കുന്ന സാംസ്കാരികപ്രവര്‍ത്തകനെപ്പോലും അസ്വസ്ഥപ്പെടുത്തി. വിദ്വേഷവും വെറുപ്പും അസൂയയും പ്രകടിപ്പിക്കാനുള്ള അവസരമായും കഴുത്തറുപ്പന്‍ മാധ്യമ മത്സരത്തിന്റെ അനിവാര്യതയായും പത്രാധിപ മാന്യന്മാര്‍ ഈ വക ഏര്‍പ്പാടുകളെ കാണുന്നുണ്ടാവും. പക്ഷേ, നമ്മുടെ സാമൂഹികശരീരത്തെ ഇത്തരം കപട പ്രചാരണങ്ങള്‍ ഏത് വിധമാണ് ബാധിക്കുക എന്ന് ആരെങ്കിലും ഗൌരവത്തില്‍ ആലോചിക്കുന്നുണ്ടോ ആവോ?

Madhyamam 02/04/2010
Related Posts with Thumbnails